കോട്ടയം: പറന്നുയരാന്‍ പറ്റാത്ത വിധം കഠിനമായചൂട് കുമരകത്തെ ദേശക്കിളികള്ക്കും ദേശാടനക്കിളികള്‍ക്കും താങ്ങാനാവുന്നില്ല. വേനലവധിക്കു പതിവുതെറ്റിക്കാതെ വിരുന്നു വരാറുള്ള അതിഥിപ്പക്ഷികള് ഒരാഴ്ചപോലും കുമരകം ആസ്വദിക്കാതെ തിരികെപ്പറന്നു.
സൈബിരിയന്‍ കൊക്ക് മുതല്‍ വാള്‍ക്കൊക്കന്‍ വരെ പല നിറത്തിലും വലിപ്പത്തിലുമുള്ള പക്ഷികള്‍ കായലോരത്തെ മരങ്ങളിലും പക്ഷിസങ്കേതത്തിലുമൊക്കെ വേനലില്‍ വന്ന് കാലവര്ഷപ്പെയ്ത്തോടെ മടങ്ങിയിരുന്നു. മാമ്പഴത്തിന്റെയും ചക്കപ്പഴത്തിന്റെയും രുചിസമൃദ്ധി ഇക്കൊല്ലം ഇല്ലാതെ പോയതും കിളികള്‍ പല വഴി പോകാന്‍ കാരണമായി.
മരപ്പൊത്തുകളിലും ചില്ലകളിലും തെങ്ങോലത്തലപ്പുകളിലും കൂടൊരുക്കി വിരിയാന്‍ കരുതിവച്ച മുട്ടകള്‍ ഉണങ്ങിവറ്റിപ്പോയതും കിളിക്കൊഞ്ചല്‍ മായാന്‍ കാരണമായി.
വേമ്പനാട്ട് കായലിലും ചുറ്റുവട്ടത്തെ തോടുകളിലും പുഴയോരപ്പൊത്തുകളിലും അടയിരിക്കാറുള്ള നീര്ക്കാക്കകള്ക്കും മേടച്ചൂട് താങ്ങാനാവുന്നില്ല.
തോടുകളിലെ ചൂടുവെള്ളത്തില്‍ മുങ്ങിക്കുളിക്കാന്‍ പറ്റാതായതോടെ കിളികള്‍ മരമുകളിലും തെങ്ങിന്തലപ്പുകളിലും മാനം നോക്കി മഴ കാത്തിരിപ്പാണ്.
കൂമനും പരുന്തും മരംകൊത്തിയും മാടത്തയും മൈനയും തത്തയുമൊക്കെ തണുപ്പുതേടി കുറ്റിക്കാടുകളില്‍ ഒളിച്ചിരിക്കുന്നു. ഇന്നലെ കുമരകത്തെ പകല്താപം 38 ഡിഗ്രിയായിരുന്നു. ഒന്നര മാസമായി ഇവിടെ വീശിയടിക്കുന്നത് ചൂടുകാറ്റാണ്.
റെജി ജോസഫ്