കുമരകം : കേരളത്തെ ഞെട്ടിച്ച കുമരകം ബോട്ട് ദുരന്തത്തിന്റെ 16-ാം വാർഷികം നാളെ. 2002 ജൂലൈ 27നു പുലർച്ചെ 5.45നായിരുന്നു അപകടം. 29 പേരുടെ ജീവൻ വേന്പനാട്ട് കായൽ അപഹരിച്ചു. കുമരകം, മുഹമ്മ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നാളെ രാവിലെ ഒന്പതിനു ഇരു ജെട്ടികളിലും പുഷ്പാർച്ചന നടത്തും രാവിലെ 8.45നു മുഹമ്മയിൽ നിന്നും പുറപ്പെടുന്ന ബോട്ട് ദുരന്ത സ്ഥലത്ത് കായലിലും പുഷ്പാർച്ചന നടത്തും.
2002 ജൂലൈ 27നു പുലർച്ചെ 5.45ന് മുഹമ്മയിൽ നിന്നു യാത്ര തിരിച്ച എ 53 ബോട്ട് രാവിലെ 6.10 ന് കുമരകത്തിന് അര കിലോമീറ്റർ അടുത്ത് എത്തിയപ്പോഴാണ് മുങ്ങി താണത്. അപകടത്തിൽ 15 സ്ത്രീകളും 13 പുരുഷന്മാരും ഒന്പതു മാസം പ്രായമുള്ള കുഞ്ഞുമടക്കം 29 പേരുടെ ജീവൻ നഷ്ടമായി.
പിഎസ്്സി പരീക്ഷ എഴുതാൻ പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും ബോട്ടിലുണ്ടായിരുന്നു. കൂടുതൽ ആളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചതാണ് അപകട കാരണം.
സംഭവം അന്വേഷിക്കുവാൻ നിയോഗിക്കപ്പെട്ടിരുന്ന ജസ്റ്റീസ് നാരായണ ക്കുറുപ്പ് കമ്മീഷൻ മരണമടഞ്ഞവരുടെ ആശ്രിതർക്ക് 91.6 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകാൻ ശിപാർശ ചെയ്തിരുന്നു.ദുരന്തത്തിനു കുമരകം ബോട്ടുജെട്ടിയിൽ 45 ലക്ഷം രൂപ മുടക്കി സ്മാരക മന്ദിരം നിർമിച്ചെങ്കിലും ഇത് ബോട്ടുയാത്രക്കാർക്കു പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.