കുമരകം: ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടില്‍നിന്ന് വേമ്പനാട്ടു കായലിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ (തമ്പി 56) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ രാത്രി 7.30നാണ് ഇയാൾ കായലിലേക്കു ചാടിയത്. കഴിഞ്ഞ ഏഴു മുതല്‍ ഉദയനെ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കുമരകത്തുനിന്ന് ബോട്ട് പുറപ്പെട് 20 മിനിറ്റിനു ശേഷമാണ് ഉദയന്‍ കായലിലേക്കു ചാടിയത്. സമീപത്തിരുന്ന യാത്രക്കാരനോട് മുഹമ്മയില്‍ എത്തിച്ചേരാന്‍ എത്ര സമയം എടുക്കുമെന്ന് അന്വേഷിച്ചതിനുശേഷം ബാഗുകള്‍ സീറ്റില്വച്ചു കായലിലേക്കു ചാടുകയായിരുന്നു.
ബാഗില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിയെ തിരിച്ചറിഞ്ഞതെന്നും രാത്രി തന്നെ ബന്ധുക്കളെ വിവരമറിയിച്ചതായും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്നോട്ടുപോയ ബോട്ട് തിരിച്ചെത്തിച്ച് അപകട സ്ഥലത്ത് നങ്കൂരമിട്ടു. ജീവനക്കാര്‍ കായലില്‍ തെരച്ചില്‍ നടത്തി. രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ഈരാറ്റു പേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ ഇന്ന് വൈകുന്നേരം നാലോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.