കുമരകം: കാലവർഷക്കെടുതിയിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും നശിച്ചതിനൊപ്പം മത്സ്യകൃഷി നശിച്ചു. കുമരകം രണ്ടാം വാർഡിലെ ചാഴിവേലത്തുകരി (മറ്റീത്തറ) പാടത്തിന്റെ വടക്കേ ബ്ലോക്കിലെ ലക്ഷ്മി ഫിഷ് ഫാമിലെ പതിനായിരം കിലോ മത്സ്യവും സമൃദ്ധി ഫിഷ് ഫാമിലെ ഏഴായിരം കിലോ മത്സ്യവുമാണ് വെള്ളപ്പൊക്കത്തിൽ ബണ്ടു കവിഞ്ഞ് പുറത്തേക്ക് പോയത്.
ഈ മാസാവസാനം വിൽക്കാൻ പാകമായ തിലോപ്പിയ, ആസാം വാള, കട്ല, രോഹു, ഗ്രാസ് കാർപ്പ്, നാടൻ മത്സ്യങ്ങൾ എന്നിവയാണ് കര കവിഞ്ഞെത്തിയ മലവെള്ളത്തിൽ കർഷകർക്ക് നഷ്ടമായത്.
ഒരു കിലോഗ്രാം മുതൽ ഒന്നേ മുക്കാൽ കിലോ വരെ തൂക്കമുള്ള മത്സ്യങ്ങളാണ് പെരുവെളളത്തിൽ ഒഴുകിപ്പോയതെന്ന് 12 ഏക്കറിൽ മത്സ്യകൃഷിയുള്ള ലക്ഷ്മി ഫാം ഉടമ വിനോദ് നടരാജൻ പറഞ്ഞു.
അഞ്ചര ഏക്കറുള്ള പടിഞ്ഞാറേക്കരി പാടത്തെ സമൃദ്ധി ഫാമിൽ മുഹമ്മ പുത്തനങ്ങാടി സ്വദേശി സുരേഷ് ബാബുവും മൂന്നു സുഹൃത്തുക്കളും പങ്കുചേർന്നാണ് മത്സ്യകൃഷി നടത്തിയത്. ചാടിപ്പോയ മത്സ്യങ്ങളിലേറെയും നാട്ടുകാർ പിടിച്ചെടുത്തു. 10 മുതൽ 40 കിലോ മീൻ വരെ പലർക്കും ഒറ്റ ദിവസംകൊണ്ടു ലഭിച്ചു.