കുമരകം: കുമരകം ബോട്ടുജെട്ടി തോട്ടിലെക്കുള്ള പ്രവേശന കവാടത്തിലെ വിളക്കുമരംകണ്ണടച്ചതിനെത്തുടർന്ന് യാത്രാബോട്ടുകൾ ദിശമാറി ഓടുന്നതു പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി മുഹമ്മയിൽനിന്നും കുമരകത്തേക്കു വന്ന ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ട് ദിശതെറ്റി കവണാറ്റിൻകര ഭാഗത്തേക്ക് ഏറെദൂരം ഓടുകയും പിന്നീട് ജിവനക്കാർ റിസോർട്ടുകളുടെ വെട്ടം നോക്കി വഴി തെറ്റിയത് തിരിച്ചറിഞ്ഞു തിരികെ ഓടുകയുമായിരുന്നു.
മഴയും കാറ്റുമുള്ള ദിവസങ്ങളിൽ ദിശതെറ്റി ഓടുന്നത് വൻദുരന്തത്തിനു കാരണമാകും. ഇടയ്ക്ക് സ്റ്റോപ്പില്ലാത്ത വേന്പനാട്ട് കായലിനു കുറുകെയുള്ള കുമരകം – മുഹമ്മ ഫെറിയിൽ ബോട്ട് ചാൽ തിരിച്ചറിയുന്നതിന് ലക്ഷങ്ങൾ മുടക്കിസ്ഥാപിച്ചിരുന്ന സോളാർ ലൈറ്റ് ഘടിപ്പിച്ച ബോയകളും നശിച്ചു കഴിഞ്ഞു.
ഇവയിലും ലൈറ്റ് കത്താതായതോടെ രാത്രി സർവീസുകൾ ജിവനക്കാർക്ക് വെല്ലുവിളി നിറഞ്ഞതായി. 29 പേരുടെ ജീവനപഹരിച്ച കുമരകം ബോട്ട് ദുരന്തത്തിനുശേഷവും പാഠം ഉൾക്കൊണ്ട് ഉണർന്നു പ്രവർത്തിക്കാൻ അധികൃതർ ഇനിയുംതയാറായിട്ടില്ല.