കുമരകം: കുമരകം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്നു രാവിലെ മുതൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. മത്സ്യ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിക്ക് സന്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതിനെതുടർന്ന് രണ്ടാഴ്ച അടച്ചിട്ട ശേഷമാണ് ഇന്ന് മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മത്സ്യ കടകൾ ഒഴിച്ചു മറ്റ് കടകൾക്ക് രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ മൂന്നു മണിക്കൂർ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.
ഇന്നലെ രാത്രിയാണ് മാർക്കറ്റ് ഉൾപ്പെടുന്ന കുമരകം 12-ാം വാർഡിനെ കണ്ടെയ്ൻമെൻറ് സോണിൽ നിന്നൊഴിവാക്കിയത്. രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയാണ് കടകൾ തുറന്നു പ്രവർത്തിക്കുന്നത്. ബേക്കറികൾ പാഴ്സൽ മാത്രമേ നൽകാൻ പാടുള്ളൂ.
ഹോട്ടലുകളിൽ അഞ്ചു വരെ സാമൂഹിക അകലം പാലിച്ചിരുന്ന് ഭക്ഷണം കഴിക്കാം, പിന്നീട് പാഴ്സൽ മാത്രമേ നൽകാവൂ. പഞ്ചായത്ത് ലൈസൻസില്ലാത്ത കച്ചവടം കർശനമായി നിരോധിച്ചിട്ടുണ്ട്. വഴിയോര കച്ചവടങ്ങൾ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ലെന്നും കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ പറഞ്ഞു.
കുമരകം മത്സ്യമാർക്കറ്റിലെ തൊഴിലാളിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുകയും സന്പർക്കത്തിലൂടെ രോഗവ്യാപനം റിപ്പോർട്ടു ചെയ്യാത്ത സാഹചര്യത്തിലും കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി കുമരകം യൂണിറ്റിന്റെ ആവശ്യം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.