കുമരകം: പ്രഹസനമായി കുമരകത്തെ സിസി ടിവി കാമറകൾ. മോഷ്ടാക്കൾ രാത്രികാലങ്ങളിൽ യഥേഷ്ടം വിലസുന്പോൾ കണ്ണടച്ച് കാമറകളും.
കഴിഞ്ഞ ദിവസം രാത്രിയിൽ കുമരകം ഭാഗത്തെ രണ്ടു ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. ഈ പ്രദേശങ്ങളിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച സിസി ടിവി കാമറകളും ടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയ കാമറകളും സ്വകാര്യ വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച കാമറകളുണ്ട്.
എന്നാൽ മോഷ്ടാവിനെക്കുറിച്ചു വിവരം ലഭ്യമാക്കാൻ സഹായിക്കുന്ന കാഴ്ചകൾ ഒരുക്കാൻ ഈ കാമറക്കണ്ണുകൾ കഴിഞ്ഞിട്ടില്ല.
കുമരകം വടക്കുംഭാഗം എസ്എൻഡിപി ശാഖാ യോഗം 38-ാം നന്പർ ഗുരുക്ഷേത്രത്തിലും ശ്രീകുമാരമംഗലം ക്ഷേത്രം വക ബോട്ടുജെട്ടി പാലത്തിന്റെ വടക്കുവശത്തെ അപ്റോച്ച് റോഡിനുസമീപം സ്ഥാപിച്ചിരുന്ന കാണിക്കമണ്ഡപത്തിലുമാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
ഇതിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ സിസി ടിവിയുണ്ടെങ്കിലും നൈറ്റ് വിഷൻ ഇല്ലാത്തതു വെല്ലുവിളിയായി.
പകൽ സമയത്തെ ദൃശ്യം മാത്രമാണ് കാമറയിൽ കൃത്യമായി പതിഞ്ഞത്. മോഷ്ടാവിന്റെ ദൃശ്യം വ്യക്തമല്ല.
ഇതിനിടയിൽ വടക്കുംഭാഗം ഗുരുക്ഷേത്രത്തിലെ സ്റ്റീൽ ഭണ്ഡാരപ്പെട്ടിയുടെ മുകൾ ഭാഗം കുമരകം ഗ്യാസ് ഏജൻസിക്കു സമീപം ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ആവശ്യ പ്രകാരം കുമരകത്തു അഞ്ച് ഇടങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സിസി ടിവി കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഒന്നിലും വൈദ്യുതി ബന്ധം സ്ഥാപിക്കാഞ്ഞതിനാൽ പ്രവർത്തനക്ഷമമായില്ല.
കുമരകം ടൂറിസത്തിന്റെ ഭാഗമായി മുന്പ് സ്ഥാപിച്ച സിസി ടിവികൾ പലയിടങ്ങളിലും ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുന്നു. പ്രവർത്തന രഹിതമായിട്ടു കാലങ്ങളേറെയായി.
ഇതോടെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ അന്വേഷണത്തിൽ ഇരുട്ടിൽ തപ്പുകയാണ് കുമരകം പോലീസ്. ഇപ്പോൾ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.