കുമരകം: കുമരകത്തിന്റെ ഗതാഗത കരുക്കഴിക്കാന്‍ കോണത്താറ്റ് പാലം വീതി കൂട്ടി നിര്‍മിക്കണമെന്ന കുമരകം നിവാസികളുടെ ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്.
കിഫ്ബി പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുന്ന പാലത്തിന് 6,85,96,000 രൂപയുടെ ഫണ്ട് അനുവദിച്ചു. പാലം വീതി കൂട്ടുന്നതിന് നിലവിലുള്ള പാലത്തിന്റെ വടക്ക് വശത്തായി 10.6 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ലാന്‍ഡ് അക്യൂസിഷന്‍ തഹസില്‍ദാര്‍ ആരംഭിച്ചു.
കേരള റോഡ് ഫണ്ട് ബോര്‍ഡിനാണു പാലത്തിന്റെ നിര്‍മാണ ചുമതല. കോട്ടയം-പത്തനംതിട്ട ഡിവിഷന് എന്‍ജിനീയര്‍ ഓഫീസാണ് മേല്‍നോട്ടം വഹിക്കുന്നത്.
മന്ത്രി വി.എന്‍. വാസനും നിര്‍മാണച്ചുമതലയുള്ള എന്‍ജിനീയര്‍മാരുടെ സംഘവും ഇന്നലെ ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ചു.
പ്രകടനപത്രികയിലും കഴിഞ്ഞദിവസം നടന്ന ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വികസന ചര്‍ച്ചയിലും മന്ത്രി കോണത്താറ്റ് പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലത്തെ സന്ദര്‍ശനം.
14 മീറ്റര്‍ വീതിയിലാണു പാലം നിര്‍മിക്കുന്നത്. ഇതില്‍ 10.5 മീറ്റര്‍ വാഹനഗതാഗതത്തിനും രണ്ടു മീറ്റര്‍ നടപ്പാതയും 1.5 മീറ്റര്‍ അനുബന്ധ സംവിധാനങ്ങളോടും കൂടിയാണു പാലം നിര്‍മിക്കുക.
ഏറ്റവും വേഗം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് സ്ഥലത്തെത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും സെക്ഷനില്‍നിന്നും തടസം നേരിട്ടാല്‍ തന്നെ അറിയുക്കാവാനും പരിഹാരത്തിനായി താന്‍ ശ്രമിക്കാമെന്നും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് വി.കെ. ജോഷി, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.എസ്. റോയി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ ജി. മധുസൂദനന്, എസ്. സ്മിത, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജെസ്റ്റീന ജോര്‍ജ്, കെ. കേശവന്, കെ. മിഥുന്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.