കുമരകം: തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന റെഡ് ബെല്ലീഡ് പാക്കു മത്സ്യങ്ങള്‍ കുമരകം മെത്രാന്‍ കായലിന്റെ പുറംതോട്ടില്‍നിന്നു മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങി. ഏഴര കിലോഗ്രാമും ആറര കിലോഗ്രാമും തൂക്കമുള്ള രണ്ടു മത്സ്യങ്ങളാണ് മത്സ്യത്തൊഴിലാളികളുടെ നീട്ടുവലയില്‍ ഇന്നലെ കുടുങ്ങിയത്. ഈ മത്സ്യങ്ങളെ അട്ടിപ്പീടികയിലുള്ള ദേവദാസിന്റെ മീന്‍കടയില്‍ എത്തിച്ചപ്പോഴാണ് അപൂര്‍വമായേ ഇത്ര വലിയ മത്സ്യങ്ങളെ കിട്ടാറുള്ളൂവെന്ന് തിരിച്ചറിഞ്ഞത്. കിലോഗ്രാമിന് 250 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികളായ പ്രദോഷ് കുമാറും അനിയച്ചനും ഈ മത്സ്യങ്ങളെ വിറ്റത്.
ഉള്‍നാടന്‍ മത്സ്യക്കൃഷിയില്‍ ഇന്ന് വളരെ പ്രാധാന്യമുള്ള മത്സ്യ ഇനമാണ് റെഡ് ബെല്ലീഡ് പാക്കു. അറവു മാലിന്യവും അടുക്കള മാലിന്യവും ഇലകളും നല്കി വളര്‍ത്തിയാല്‍ മികച്ച വളര്‍ച്ച കൈവരിക്കുന്ന ഇനമാണ്. വെള്ളം പൊങ്ങുന്ന സമയത്ത് കര്‍ഷകരുടെ മത്സ്യക്കുളങ്ങളില്‍നിന്ന് ചാടിപ്പോവാറുണ്ട്. അവയെ വലിയ ജലാശയങ്ങളില്‍നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കാറുമുണ്ട്. എങ്കിലും ഇത്രയേറെ വലുപ്പമുള്ള പാക്കുവിനെ അപൂര്‍വമായേ ലഭിക്കാറുള്ളൂ.
മനുഷ്യരുടെ പല്ലിനു സമാനമായ പല്ലുകളുള്ള പാക്കു മത്സ്യങ്ങള്‍ പൊതുവെ ശാന്തസ്വഭാവക്കാരാണ്. ഒരു നിരയില്‍ 14 പല്ലുകള്‍വീതം മൊത്തം 28 പല്ലുകളുണ്ട്. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയില്‍ വളരുന്ന റെഡ് ബെല്ലീഡ് പിരാനയോട് രൂപസാദൃശ്യമുള്ളതിനാല്‍ ആളുകള്‍ പിരാന എന്ന് പാക്കുവിനെ തെറ്റിദ്ധരിക്കാറുണ്ട്. പിരാന പാക്കുവിനേപ്പോലെ വളരില്ല എന്നതും അവയുടെ പല്ലുകള്‍ തമ്മിലുള്ള വ്യത്യാസവുമാണ് ഇവയെ തിരിച്ചറിയാനുള്ള പ്രധാന മാര്‍ഗം.
പിരാന മാംസഭുക്കായതിനാല്‍ കൂര്‍ത്ത പല്ലുകളാണുള്ളത്. അതേസമയം പാക്കു മിശ്രഭുക്കാണ്, പല്ലുകള്‍ മനുഷ്യസദൃശ്യവും. ജലാശങ്ങളില്‍ പിരാന എത്തിപ്പെട്ടാല്‍ മറ്റു മത്സ്യങ്ങള്‍ക്ക് ഭീഷണിയാകുന്നതിനാല്‍ പിരാനയെ വളര്‍ത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണെ്ടന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ജലജ പറഞ്ഞു. അതേസമയം റെഡ്‌ബെല്ലീഡ് പാക്കുവിനു നിരോധനമില്ല.
നട്ടര്‍, റെഡ് ബെല്ലി എന്നിങ്ങനെ വിളിപ്പേരുള്ള റെഡ് ബെല്ലീഡ് പാക്കുവിന്റെ ശാസ്ത്ര നാമം പിയറേറ്റസ് ബ്രാക്കിപോമസ് എന്നാണ്. മെത്രാന്‍ കായലിന്റെ പുറംതോട്ടിലും കരീത്തോട്ടിലും ഈ ഇനം മത്സ്യങ്ങള്‍ ഇപ്പോള്‍ കണ്ടുവരുന്നുണെ്ടന്ന് മത്സ്യത്തൊഴിലാളികള്‍ അവകാശപ്പെടുന്നു.