കുമരകം: കുമരകം പക്ഷിസങ്കേതത്തിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലും വില്ലൻ മൊബൈൽഫോണ്‍. ഒരു മാസം മുന്‍പ് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് വന്ന മിസ്ഡ് കോൾ ആണ് ഇവർ തമ്മിൽ പരിചയപ്പെടാനിടയാക്കിയത്. ഈ ബന്ധത്തിലൂടെ വശീകരിച്ചാണ് പ്ലസ് വണ്‍ വിദ്യാർഥിനിയെ കവണാറ്റിൻ കരയിലുള്ള കുമരകം പക്ഷിസങ്കേതത്തിലെത്തിച്ചത്.
കേസിൽ അറസ്റ്റിലായ പ്രതി ചേർത്തല സ്വദേശിയായ ശ്രീക്കുട്ടനെ (24) ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കുമരകം എസ് ഐ ജി.രജൻ കുമാർ പറഞ്ഞു. കുമരകം പക്ഷിസങ്കേതത്തിൽ സകുടുംബം സന്ദർശനം നടത്താനാകാത്ത സ്ഥിതിയാണുള്ളതെന്ന് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കുമരകം പോലീസും പിങ്ക് പോലീസും നടത്തിയ പരിശോധനയിലാണ് പക്ഷിസങ്കേതത്തിൽ നിന്നും കമിതാക്കളെ പിടികൂടിയത്.
വനിതാ പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഡിഗ്രി വിദ്യാർഥിനിയാണെന്ന് പറഞ്ഞു . ഇത് പ്രായപൂർത്തിയായതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നു എന്ന് പിന്നീട് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇരുവരുടെയും മൊബൈൽ ഫോണ്‍ പരിശോധിച്ച് പോലീസ് വിവരങ്ങൾ ശേഖരിച്ചു.
വനിതാ പോലീസ് നടത്തിയ കൗണ്‍സിലിംഗിൽ ആണ് പെണ്‍കുട്ടി പക്ഷിസങ്കേതത്തിൽ വെച്ച് പീഡനത്തിനിരായി എന്ന് വെളിപ്പെട്ടത് . പീഡനം ,തട്ടിക്കൊണ്ടുപോകൽ, എന്നിവക്ക് പോസ്കോ നിയമ പ്രകരം കേസെടുത്തു.