കുമരകം: പട്ടാപ്പകൽ വൃദ്ധന്റെ മൂന്നു പവൻ സ്വർണമാല തട്ടിയെടുത്തയാളെ അതിവേഗം പിടിക്കാനായത് പോലീസിന്റെ സമർഥമായ ഇടപെടൽ. മാല മോഷണം നടന്ന വിവരം അറിഞ്ഞയുടൻ കോട്ടയത്തെ ചില ചെറുകിട സ്വർണക്കടകളിൽ പോലീസ് വിവരം ധരിപ്പിച്ചു. മോഷണ മുതലുമായി ഒരാൾ വരാൻ സാധ്യതയുണ്ടെന്നും വന്നാലുടൻ അറിയിക്കാനുമായിരുന്നു നിർദേശം. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. പോലീസ് പെട്ടെന്ന് ഇടപെട്ടതുകൊണ്ടു മാത്രമാണ് പ്രതിയെ പിടിക്കാൻ കഴിഞ്ഞത്.
രണ്ടു പോലീസുകാരെ മഫ്തിയിൽ കോട്ടയത്തേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ 11.30-ന് വീടിന്റെ വരാന്തയിൽ വിശ്രമിക്കുകയായിരുന്ന കളരിക്കൽ തോമസ് ജോസഫി(60)ന്റെ മാലയാണ് തട്ടിയെടുത്തത്. മോഷ്ടാവ് കുമരകം ആശാരിശേരിൽ ലക്ഷംവീട് കോളനിയിൽ അനീഷ് ( കുടക്കന്പി -34), മോഷണമുതൽ വിൽക്കാൻ സഹായിച്ച അയ്മനം കൊച്ചുപുരയ്ക്കൽ അജിത്ത് എന്നിവരെയാണ് കോട്ടയത്തുനിന്നും പോലീസ് പിടികൂടിയത്.
പക്ഷാഘാതത്തെ തുടർന്നുള്ള അവശത മൂലം സംസാരശേഷി കുറവുള്ള വ്യക്തിയാണ് തോമസ് ജോസഫ്. ഇയാളുടെ കഴുത്തിൽ നിന്നും മൂന്നര പവൻ തുക്കമുള്ള മാല പിടിച്ചു പറിച്ച് ഓടി രക്ഷപെടുകയായിരുന്നു അനീഷ്. മാല പിടിച്ചുപറിച്ചതോടെ പരിഭ്രാന്തിയിലായ തോമസ് ജോസഫിന് പ്രതികരിക്കാനായില്ല. സമീപത്തു താമസിക്കുന്ന സഹോദരൻ ബോബൻ എത്തിയപ്പോഴാണ് മാല മോഷ്ടിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഉടനെ പോലീസിൽ അറിയിച്ചു.
കുമരകം പോലീസ് നടത്തിയ തിരച്ചിലിൽ പ്രതി മോഷണം നടത്തിയ ശേഷം ഒരു ബൈക്കിനു പിന്നിൽ സഞ്ചരിച്ച് കുമരകം ജംഗ്ഷനിലെത്തി കോട്ടയത്തേക്കുള്ള ബസിൽ കയറി പോയതായി വിവരം ലഭിച്ചു. ഉടൻ തന്നെ കോട്ടയത്തെ ചില കടകളിൽ വിവരം ധരിപ്പിച്ചു. കോട്ടയത്തെ ജ്വല്ലറിയിൽമാല വിൽക്കാൻ അയ്മനം സ്വദേശിയായ കൊച്ചുപുരയ്ക്കൽ അജിത്തിതിന്റെ സഹായത്തോടെ ശ്രമം നടത്തി മാലക്ക് 72000 രൂപ ആവശ്യപ്പെട്ടു.
കടയുടമ പണം നല്കി കഴിഞ്ഞപ്പോഴാണ് വാർട് ആപ്പ് ഗ്രൂപ്പിൽ മോഷണ വിവരം അറിഞ്ഞത്. ഉടനെ തിരികെ വിളിച്ച് മാല എവിടുന്നാണെന്ന് അന്വേഷിച്ചു. പ്രതികളുടെ പരുങ്ങൽ കണ്ടപ്പോൾ കടക്കാർ ചേർന്ന് പിടിച്ചുനിർത്തുകയായിരുന്നു. ഇതിനിടെ കുമരകം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു. കുമരകം എസ്ഐ ടി.വി. ഷിബു, സിപിഒമാരായ ജോണി, ശശികുമാർ, ശ്രീജിത്ത്, ദിപു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.