കോട്ടയം: കുമരകത്ത് തുടർച്ചയായുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ജനങ്ങൾ ഭീതിയിൽ. ലോകടൂറിസം ഭൂപടത്തിൽ ഇടംനേടിയ കുമരകത്ത് മാസങ്ങളായി സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുകയാണ്. ഇന്നലെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ബിജെപി അംഗത്തെ മുഖംമൂടി ധരിച്ചെത്തിയ ആയുധ ധാരികൾ ആക്രമിച്ചതാണ് ഏറ്റവും ഒടുവിൽ നടന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കുമരകത്ത് വ്യാപകമായ രീതിയിൽ രാഷ്്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. പലപ്പോഴും സിപിഎമ്മിന്റെയും ബിജെപിയുടെയും ഓഫീസുകളും കൊടിമരങ്ങളും തകർക്കുകയുണ്ടായി.
രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പോലീസിനു കുമരകം മേഖലയിൽ ഒന്നിലേറെ തവണ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നു. ഇന്നലെയുണ്ടായ സംഘർഷത്തെ തുടർന്ന് പ്രദേശത്ത് വൻപോലീസ് സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. തുടർ സംഘർഷങ്ങളുണ്ടായേക്കാമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നത്.