കുമരകം: തീരദേശ പരിപാലന നിയമത്തിൽനിന്നു വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ ഒഴിവാക്കിയിട്ടുണ്ടെന്ന അവകാശവാദം റിസോർട്ട് ഉടമകൾ ഉന്നയിക്കുന്പോൾ അത് അംഗീകരിക്കാനോ തള്ളിക്കളയാനോ കഴിയാതെ റവന്യു അധികാരികൾ. തീരദേശ പരിപാലന നിയമ ലംഘനം സ്ഥിരീ കരിച്ച് മരടിലെ ഫ്ളാറ്റുകൾ ഇന്നു പൊളിക്കുന്ന സാഹചര്യത്തിൽ കുമരകത്തും ആശങ്കയേറുന്നു.
കായൽ കൈയേറിയും പുറന്പോക്ക് കൈവശപ്പെടുത്തിയും ഒട്ടേറെ നിർമിതികൾ കുമരകത്തുണ്ടെന്ന ആക്ഷേപവും അന്വേഷണവും നിലനിൽക്കെ കോടതി വിധി കാത്തിരിക്കുകയാണ് ഏതാനും റിസോർട്ടുകാർ. ആലപ്പുഴ വേന്പനാട്ടുകായലിനോടു ചേർന്ന കാപിക്കോ റിസോർട്ടു പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതി വിധി ഇന്നലെ വന്നതോടെ പെർമിറ്റ് വാങ്ങി നിർമാണം നടത്തിയിട്ടുള്ള കുമരകത്തെ പല റിസോർട്ട് ഉടമകളും ആശങ്കയിലാണ്.
ശതകോടികൾ മുടക്കി ടൂറിസം ബിസിനസിലേക്കിറങ്ങിയ വ്യവസായികൾക്ക് വിനയായി തീരദേശ പരിപാലന നയമം മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.കുമരകത്തെ ടൂറിസം വികസനത്തിന്റെ പ്രധാനഘടകങ്ങൾ പ്രകൃതി സൗന്ദര്യവും വേന്പനാട്ടു കായലുമാണ്. കുമരകത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് വേന്പനാട്ടു കായലിലൂടെയുള്ള ബോട്ടുയാത്രയാണ് ഏറെ പ്രിയങ്കരം. വലിയ സാന്പത്തികച്ചെലവില്ലാതെ കായൽ തീരത്ത് വിശ്രമിക്കാനും താമസിക്കാനും സൗകര്യപ്രദമാണു കുമരകത്തെ ചെറുകിട റിസോർട്ടുകളും ഹോം സ്റ്റേകളും.
ചെറുതും വലുതുമായ അന്പതിലേറെ റിസോർട്ടുകളും ഹോം സ്റ്റേകളും കുമരകത്തുണ്ട്. ഇവയെല്ലാം പെർമിറ്റും ലൈസൻസും വാങ്ങി പ്രവർത്തിക്കുന്നവയാണ്. ചിലത് കായലിൽ നിന്നും 50 മീറ്റർ അകലം പാലിച്ചല്ലെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നു. കഴിഞ്ഞ വർഷം ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് ലഭിക്കുകയും ഇവ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തെക്കുംഭാഗത്ത് നിർമാണത്തിലുള്ള റിസോർട്ടിനെതിരെ പരാതി ഉയർന്നെങ്കിലും തീരദേശ പരിപാലന നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്പ് തന്നെ പെർമിറ്റ് ഇവർക്ക് ലഭിച്ചിരുന്നതായി പറയുന്നു.
കുമരകത്തെ തീരദേശ പരിപാലന നിയമത്തിന്റെ ദുര പരിധിയിൽനിന്നു ഒഴിവാക്കിയിട്ടുണ്ടെന്നാണ് സാങ്കേതികമായി പറയുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് തിരുവനന്തപുരത്തുള്ള തീരദേശ പരിപാലന അതോറിറ്റിയിൽനിന്നും ലഭിച്ചിട്ടില്ലെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കിയത്. നിർമാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനില്ക്കുന്ന വിവിധ റിസോർട്ടുകൾ കുമരകത്തുണ്ട്.