മണ്ണാർക്കാട്: കുമരംപുത്തൂർ ഭവന നിർമാണ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം നടത്തിയത് ഭരണസ്വാധീനം ഉപയോഗിച്ചുള്ള ആസൂത്രിതമായ അട്ടിമറിയാണെന്ന് സിപിഐ ആരോപിച്ചു.ഭവന നിർമാണ സഹകരണ സംഘത്തിൽ അഴിമതി നടത്തിയതിന്റെ പേരിൽ സിപിഐയിൽ നിന്നും പുറത്താക്കിയ വ്യക്തിയുടെ സഹായത്തോടെ 2600 മെന്പർമാരെ അനധികൃതമായി ചോർത്തിയിട്ടും 3000 വോട്ടുകൾമാത്രമാണ് സിപിഎമ്മിന് ലഭിച്ചിട്ടുള്ളത്.
പുതിയ 2600 അംഗങ്ങൾക്കും നിലവിലുള്ള പഴയ സിപിഎം മെന്പർമാർക്കും സംഘം തിരിച്ചറിയൽ കാർഡ് നിയമവിരുദ്ധമായി വീടുകളിലെത്തിക്കുകയാണുണ്ടായത്. അതേസമയം സിപിഐ പ്രവർത്തകരും സംഘ മെന്പർമാരും നൽകിയ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ മാറ്റിവെയ്ക്കുകയും വന്നപ്പോൾ മടക്കി അയക്കുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾപോലും അംഗങ്ങൾ നേരിൽവന്ന് നൽകണമെന്ന് നിബന്ധനവെച്ചു.
രജിസ്ട്രേഡ് തപാൽമുഖേന അയച്ച അപേക്ഷകർക്ക് തിരിച്ചറിയൽ കാർഡ് നൽകിയില്ല. ഈ അപേക്ഷകളുടെ കവറുകൾപോലും പൊട്ടിക്കാൻ തയ്യാറായില്ല. കാർഡ് വിതരണം മുടക്കുന്നതിനായി ദിവസങ്ങളോളം സിപിഎമ്മിന്റെ പ്രവൃത്തകർ ഏരിയാ നേതാക്കളുടെ നേതൃത്വത്തിൽ സംഘത്തിന് മുന്നിൽ നിൽക്കുകയും കാർഡ് വാങ്ങാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു.
സംസ്ഥാന സർക്കാരിന്റെ ഭരണ സ്വാധീനവും സംഘത്തിലെ ചില ജീവനക്കാരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളും ഉപയോഗപ്പെടുത്തിയാണ് ജനാധിപത്യവിരുദ്ധമായി തെരഞ്ഞെടുപ്പ് അട്ടമറിച്ചത്.
ഈ നടപടികളെ സിപിഐ അപലിക്കുന്നതായും പ്രസ്താവനയിൽ അറിയിച്ചു.