മണ്ണാർക്കാട്: കുമരംപുത്തൂർ സഹകരണ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പ് സിപിഎമ്മിനും സിപിഐയ്ക്കും ഒരുപോലെ നിർണായകം. നിലവിലുള്ള ഭരണം നഷ്ടമാകാതിരിക്കാനാണ് സിപിഐ ശ്രമിക്കുന്നത്. എന്നാൽ എന്തുവിലകൊടുത്തും ഭരണം പിടിച്ചെടുത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള പരിശ്രമത്തിലാണ് സിപിഎം.
സിപിഐയിൽനിന്നും പുറത്താക്കിയ മുൻ സൊസൈറ്റി പ്രസിഡന്റ് പി.പ്രഭാകരനും സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിലാണ് നേർക്കുനേരെ മത്സരിക്കുന്നത്. വർഷങ്ങളായി സിപിഐ നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ പതിനഞ്ചു വർഷത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
1998 മുതൽ പ്രഭാകരനാണ് സൊസൈറ്റി പ്രസിഡന്റ്. ഇയാൾക്കെതിരേ വ്യാപക അഴിമതി ആരോപണമാണ് സിപിഐ ഉന്നയിക്കുന്നത്.സിപിഎം പാനലിൽ പി.പ്രഭാകരനും സിപിഐയിൽനിന്നും പാർട്ടിവിട്ട പി.കെ.ശാന്തമ്മയുമാണ് സിപിഎം പാനലിലുള്ളത്. കഴിഞ്ഞദിവസങ്ങളിൽ സൊസൈറ്റിയിൽ തിരിച്ചറിയൽ കാർഡ് വിതരണത്തെ തുടർന്ന് രൂക്ഷമായ തർക്കം നടന്നിരുന്നു.
ആകെ 10160 വോട്ടർമാരാണുള്ളത്. ഇതിൽ പതിനൊന്നംഗ സമിതിയെയാണ് തെരഞ്ഞെടുക്കേണ്ടത്.
കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിൽ വലിയ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഈ തെരഞ്ഞെടുപ്പിൽ സിപിഎം, സിപിഐ അംഗങ്ങളെ കൂട്ടത്തോടെ തോല്പിച്ചിരുന്നു. ഇതേപ്രശ്നങ്ങൾ ഇവിടെയും പ്രതിഫലിക്കുകയാണ്. 30നാണ് തെരഞ്ഞെടുപ്പ്.