സ്വന്തം ലേഖകൻ
വാടാനപ്പള്ളി: കോവിഡ് ബാധിച്ച് മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി വഴി നടയ്ക്കൽ കുമാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന അന്വേഷണം ആരോഗ്യവകുപ്പ് ഉൗർജിതമാക്കി. കുമാരന് കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
മൂന്നുവർഷമായി വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന കുമാരൻ കഴിഞ്ഞ ഞായറാഴ്ചയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുമാരനെ ജൂണ് ഒന്നിന് ചേറ്റുയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് കുമാരനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
വീട്ടിലുള്ളവരുമായുള്ള സന്പർക്കത്തിൽ നിന്നാണോ രോഗമുണ്ടായതെന്ന സംശയത്തിൽ കുമാരന്റെ രണ്ടു മക്കളുടേയും സ്രവം പരിശോധിച്ചെങ്കിലും അവരുടെ പരിശോധന ഫലം നെഗറ്റീവാണ്.കുമാരന്റെ ആദ്യ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു. ഫലം വന്ന ദിവസം രാത്രിയിലാണ് കുമാരൻ മരിച്ചത്.
പിറ്റേ ദിവസം വന്ന കണക്കുകളിൽ കുമാരന്േറത് കൊവിഡ് മരണത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് ആരോഗ്യമന്ത്രിയും ഇക്കാര്യത്തിൽ വ്യക്തത ആവശ്യമാണെന്ന് വ്യക്തമാക്കി. തുടർന്ന് രണ്ടാമത് നടത്തിയ സ്രവപരിശോധനയിലും ഫലം പോസിറ്റീവ് ആകുകയായിരുന്നു.
ആരുമായും സന്പർക്കത്തിലല്ലായിരുന്ന കുമരാന്റെ രോഗവഴി തേടുകയാണ് ആരോഗ്യവകുപ്പ്. അതിനിടെ കുമാരന്റെ മൃതദേഹം മറവു ചെയ്യുന്നത് സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എവിടെ സംസ്കരിക്കണമെന്ന് ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും.
കുമാരന്റെ നാടായ ഏങ്ങണ്ടിയൂരിൽ മൃതദേഹം സംസ്കരിക്കാനുള്ള സാധ്യത കുറവാണ്. കോ വിഡ് മാർഗരേഖ പ്രകാരം മൃതദേഹം 10 അടി താഴ്ചയിൽ കുഴിച്ചിടണം. കുഴിയെടുക്കുന്പോൾ വെള്ളം വരുന്നതിനാൽ ഇവിടെ ഇത് സാധ്യമല്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇന്നുതന്നെ മൃതദേഹം സംസ്കരിക്കാനുള്ള തീരുമാനമെടുക്കുമെന്നാണ് സൂചന.