തിരുവില്വാമല: ഓലയും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ കൂരയിൽ അരക്ഷിതമായി കഴിയുകയാണ് എരവത്തൊടി പാലയ്ക്കപറന്പ് മിച്ചഭൂമിയിൽ താമസിക്കുന്ന കുംഭാരസമുദായത്തിൽപ്പെട്ട കുമാരന്റെ (34) കുടുംബം. ഇതിനു പുറമെ രാത്രിയിലെത്തുന്ന വണ്ടുകളുടെ ശല്യംമൂലം ഗർഭിണിയായ ഭാര്യ സീതയ്ക്കും (24) മകൾ നാലുവയസുകാരി രോഹിണിക്കും ഉറക്കമൊഴിച്ചു കാവലിരിക്കുകയാണ് കുമാരൻ.
അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നത്തിനു പുറമെ ഇപ്പോൾ താമസിക്കുന്ന കൂരയിൽ ഭാര്യയുടെ പ്രസവം കഴിയും വരെയെങ്കിലും അന്തിയുറങ്ങാൻ കഴിയണേയെന്നാണ് കുമാരന്റെ പ്രാർഥന. സന്ധ്യമയങ്ങി മണ്ണെണ്ണവിളക്ക് തെളിയിച്ചാൽ വണ്ടുകൾ കൂട്ടത്തോടെ മേൽക്കൂരയിൽ വന്നുകൂടും. പിന്നീട് നിലത്തേക്കു വീണുകൊണ്ടിരിക്കും.
പകൽ ടാർപായ ചുട്ടുപഴുക്കുന്പോൾ ഗർഭിണിയായ സീത മകളെയുംകൂട്ടി മരത്തണലിലോ അടുത്ത വീടുകളിലോ ചെല്ലും. ദിവസങ്ങൾക്കുമുന്പ് ഉറങ്ങിക്കിടക്കുന്പോൾ രോഹിണിയുടെ ചെവിയിൽ വണ്ട് പെട്ടു. പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ താൽക്കാലികമായി നിർമിച്ച ഓലമറയാണുള്ളത്.
13-ാം വാർഡിൽ ഒറ്റപ്പെട്ട കുന്നിൻപ്രദേശത്താണ് കുമാരന്റെ വീട്. ഇൗ പ്രദേശത്താണ് അടുത്തിടെ പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായത്. തിരുവില്വാമല ടൗണിലെ ഒരു ബേക്കറിയിലാണ് കുമാരന് ജോലി ചെയ്യുന്നത്. തല ചാക്കാൻ സുരക്ഷിതമായ ഒരിടമാണ് കുമാരന്റെയും കുടുംബത്തിന്റെയും ആവശ്യം.