ഗാന്ധിനഗർ: ക്വട്ടേഷൻ നൽകി സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനായതിനു പിന്നിൽ പോലീസിന്റെ കുറ്റമറ്റ അന്വേഷണം.ഒരു ലക്ഷത്തിൽപ്പരം ഫോണ് നന്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
കുമാരനല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയ മൂന്നുപേരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
അതിരന്പുഴ 101 കവല, ആർഷ് മൻസിലിൽ മുഹമ്മദ് ഷക്കീർ (51), ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘാംഗങ്ങളായ പേരൂർ സ്വദേശികളായ തനപ്പുരയ്ക്കൽ നന്ദു, അന്പാട്ട് കമൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഒരു മാസം മുന്പ് കുമാരനല്ലൂർ കവലയിൽ സ്കിൽ കാപ്റ്റ് എന്ന സ്ഥാപനത്തിൽ ആക്രമണം നടത്തിയ സംഭവത്തിലാണ് നടപടി. ആക്രമണത്തിനിരയായ സഫീറിന്റെ ബന്ധുവാണ് മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷക്കീർ. സഫീറും മുഹമ്മദ് ഷക്കീറുമായി പ്രശ്നങ്ങളുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി ആക്രമണം ആസൂത്രണം ചെയ്ത് ക്വട്ടേഷൻ നൽകുകയായിരുന്നു.ബൈക്കിലെത്തിയ നന്ദുവും കമലും സ്ഥാപനത്തിലെത്തി സഫീറിനെ ആക്രമിക്കുകയും കുരുമുളക് സ്പ്രേ മുഖത്ത് അടിക്കുകയും ചെയ്തു.
സംഭവത്തിൽ ഗാന്ധി നഗർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു വരികയായിരുന്നു. ഫോണ് നന്പരുകൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലും പ്രധാന പ്രതിയായ മുഹമ്മദ് ഷക്കീറിനെ നിരവധി തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽനിന്നുമാണ് പ്രതികൾ വലയിലായത്.