കൊല്ലം: നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലത്ത് കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കാൻ നടപടിയായി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ബോട്ട് ജെട്ടിക്കടുത്ത് എട്ടടി ഉയരമുള്ള വെങ്കല പ്രതിമയാണ് സ്ഥാപിക്കുന്നത്. ഇതിന് സർക്കാർ അനുമതിയായി. കാവ്യകൗമുദി സാഹിത്യസമിതി ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻനായർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് പുറന്പോക്ക് ഭൂമിയിൽ പ്രതിമ സ്ഥാപിക്കുന്നത്. ഇതിന് വേണ്ടി അദ്ദേഹം വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു.
പത്ത് ചതുരശ്ര മീറ്റർ ഭൂമിയാണ് പാട്ടത്തിന് സർക്കാർ വിട്ടുനൽകുന്നത്. 2021 വരെയുള്ള മൂന്നുവർഷത്തേക്ക് 960 രൂപയാണ് ഈടാക്കുന്നത്. മൂന്നു വർഷത്തിനുള്ളിൽ പ്രതിമ നിർമാണം പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം.
ഭൂമി ചുറ്റുമതിൽ കെട്ടി കാവ്യകൗമുദി സാഹിത്യസമിതി ജനറൽ സെക്രട്ടറി സംരക്ഷിക്കണം.
സ്മാരകത്തിന്റെ ചെലവിലേക്കായി കോർപറേഷൻ 2018-19 ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. 1924 ജനുവരി 16ന് കൊല്ലം ബോട്ട് ജെട്ടിയിൽനിന്ന് റെഡീമർ എന്ന ബോട്ടിൽ കയറി യാത്ര ചെയ്യവേ ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ ബോട്ട് മുങ്ങിയാണ് കുമാരനാശാൻ മരണമടയുന്നത്.