കുമരകം: നാല്പതു വർഷങ്ങൾക്ക് മുന്പു വിദേശികൾ ചിത്രീകരിച്ച വീഡിയോ ആദ്യമായി കണ്ടതിലുള്ള ആവേശത്തിലും കൗതുകത്തിലുമാണ് മൂന്ന് കുടുംബങ്ങൾ.
കുമരകത്തിന്റെ പഴയകാല ജീവിത സാഹചര്യവും പശ്ചാത്തലവും കണ്ടതിലുള്ള സന്തോഷത്തിലാണ് നാട്ടുകാരും.
1981ൽ ഇംഗ്ലണ്ട് സ്വദേശിയായ പീറ്റർ ആഡംസണും സംഘവും ചിത്രീകരിച്ച “ദി കേരള സൊലൂഷൻ’ എന്ന ഡോക്യുമെന്ററിയെക്കുറിച്ചാണ് ഇപ്പോൾ കുമരകത്തെ പ്രധാന ചർച്ച.
കുമരകം ടുഡേ എന്ന നവമാധ്യമ കൂട്ടായ്മയിൽ കഴിഞ്ഞദിവസം ഈ വീഡിയോ പ്രസിദ്ധീകരിക്കുകയും തുടർന്ന് ആയിരക്കണക്കിനു പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തതോടെ വീഡിയോ വൈറലാകുകയായിരുന്നു.
ഇതിൽ കുടുംബാസൂത്രണം ഗ്രാമീണ ജീവിത പശ്ചാത്തലം, ശിശുരോഗ പരിപാലനം, വേന്പനാട്ട് കായൽ എന്നിവ ആയിരുന്നു പ്രധാന പ്രമേയം.
ഡോക്യുമെന്ററി അന്ന് ബിബിസി സംപ്രേഷണം ചെയ്തിരുന്നെങ്കിലും ഇവിടെയുള്ള ആർക്കും കാണാൻ സാഹചര്യമുണ്ടായിരുന്നില്ല.
പള്ളിച്ചിറയിൽ താമസിച്ചിരുന്ന അയൽവാസികളായ മൂന്നു കുടുംബങ്ങളായിരുന്നു ഡോക്കുമെന്ററിയിലെ പ്രധാന കഥാപാത്രങ്ങൾ.
ഏലച്ചിറ കരുണാകരൻ, ഭാര്യ ഭാനുമതി, മകൻ സന്തോഷ്, മുണ്ടുചിറ കുഞ്ഞുമോൻ, ഭാര്യ രാധ, മുണ്ടുചിറ കുഞ്ഞുഞ്ഞ്, ഭാര്യ പെണ്ണമ്മ, മകൻ ബിജു എന്നിവരായിരുന്നു അവർ. ഇവരിൽ കരുണാകരനും, കുഞ്ഞുകുഞ്ഞും ഇന്ന് ജീവിച്ചിരിപ്പില്ല.
1990ൽ വീണ്ടും കുമരകത്തെത്തിയ പീറ്റർ ആഡംസണ് കുഞ്ഞുകുഞ്ഞിനെയും കുടുംബത്തെയും കാണാനെത്തിയിരു ന്നു. സമ്മാനങ്ങൾ നൽകിയാണു മടങ്ങിയത്.
കുമരകത്തെ പ്രധാന സ്ഥാപനങ്ങൾ, ബസ്, ബോട്ട് സർവീസുകൾ, മത്സ്യ ബന്ധനവും മത്സ്യവ്യാപാരവും ഓല മേഞ്ഞ് ചാണകം മെഴുകിയ തറയോടു കൂടിയ വീടുകൾ എല്ലാം വീഡിയോയിൽ കാണാം.
കുമരകത്തെ പഴയകാല രാഷ്ട്രീയ സാമൂഹിക മേഖലയിലെ പല പ്രമുഖരും വീഡിയോയിൽ മിന്നിമറയുന്നുണ്ട്.
അന്നത്തെ അവസ്ഥയിൽനിന്നും കാര്യമായ പുരോഗതിയൊന്നും സംഭവിക്കാത്ത കുമരകം റോഡും കോണത്താറ്റ് പാലവും കുമരകം മാർക്കറ്റും കൈയേറ്റം മൂലം ഓടയായി മാറി മലിനമായ തോടുകളും ചർച്ചയാകാൻ ഈ വീഡിയോ കാരണമായിരിക്കുകയാണ്.