ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ വിവാഹിതനായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണ്‍ നീട്ടിയതോടെ കുടുംബംവക ഫാംഹൗസിൽവച്ചാണ് വിവാഹം നടത്തിയത്. നിഖിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം. കൃഷ്ണപ്പയുടെ കൊച്ചുമകൾ രേവതിയെ(22)യാണ് വിവാഹം ചെയ്തത്.
കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിർദേശങ്ങളും പാലിച്ചാകും വിവാഹമെന്ന് കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം ആളുകളും മുഖാവരണം ധരിച്ചിരുന്നില്ല. സമൂഹ അകലവും പാടിക്കാതെയാണ് പലരും ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്.
രാമനഗര ജില്ലയിലെ ബിഡാദിക്കടുത്ത് കേതനഹള്ളിയിലെ ഫാംഹൗസിൽ അടുത്ത കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു വിവാഹം. ഫെബ്രുവരി പത്തിന് ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹനിശ്ചയം നടന്നത്.
സംഭവം വിവാദമായതോടെ കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ റിപ്പോർട്ട് തേടി. ലോക്ക് ഡൗണ്‍ നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.