നിയാസ് മുസ്തഫ
എക്സിറ്റ് പോൾ ഫലം അനുകൂലമായതോടെ മധ്യപ്രദേശ് സർക്കാരിനോടൊപ്പം കർണാടക സർക്കാരിനെയും വലിച്ചുതാഴെയിറക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. മധ്യപ്രദേശ് സർക്കാരിനെ വലിച്ചിടാൻ ബിജെപിക്ക് അല്പം പ്രയാസമാണെങ്കിലും കർണാടകയിൽ കുറച്ചുകൂടി എളുപ്പമാണ് കാര്യങ്ങൾ.
കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ താഴെ വീഴുമെന്ന് ബിജെപി കർണാടക അധ്യക്ഷൻ ബി എസ് യെദ്യൂരപ്പ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എക്സിറ്റ് പോൾ ഫലം അനുകൂലമായതോടെ ‘ഒാപ്പറേഷൻ താമര’ ബിജെപി സജീവമാക്കി. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ഇന്നലെ ഇതുസംബന്ധിച്ച നിർണായക യോഗങ്ങൾ നടന്നതായി വാർത്തകൾ വരുന്നു.
20 ഭരണപക്ഷ എംഎൽഎമാർ ഉടൻ ബിജെപിയിലെത്തുമെന്ന് അടുത്തിടെ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് വിമത എംഎൽഎ രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ ആറ് എംഎൽമാർ കൂറുമാറിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം. ഇതോടെ കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ ആശങ്കയിലാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 22 സീറ്റുകൾ നേടുമെന്നായിരുന്നു യെദ്യൂരപ്പ മുന്പ് അവകാശപ്പെട്ടിരുന്നത്. ഇത് ശരിവയ്ക്ക ുന്ന തര ത്തിൽ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപി 21നും 25നും ഇടയിൽ സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. ആകെയുള്ള 28 സീറ്റിൽ മൂന്നു മുതൽ അഞ്ചു സീറ്റ് വരെയാണ് കോൺഗ്രസിനു ലഭിക്കുക. ഒരു സീറ്റ് ജെഡിഎസിനും ലഭിച്ചേക്കുമെന്നാണ് പ്രവചനം. 2014ൽ ബിജെപിക്ക് 17ഉം കോൺഗ്രസിന് ഒന്പതും ജെഡിഎസിന് രണ്ടും സീറ്റുകൾ ഉണ്ടായിരുന്നതാണെന്നു കൂടി ഒാർക്കണം.
കർണാടകയിൽ ബിജെപിയുടെ ശക്തി വിളിച്ചോതുന്ന തരത്തിലായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരികയെന്ന് അറിഞ്ഞതോടെ ആടി നിൽക്കുന്ന കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ മറുകണ്ടം ചാടുമോയെന്ന ആശങ്ക ഭരണപക്ഷത്ത് ശക്തമാണ്. എംഎൽഎമാരെ പ്രത്യേകം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അവരെ റിസോർട്ടിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. കർണാടകയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. എന്നിട്ടും അവർക്ക് സർക്കാരുണ്ടാക്കാൻ കഴിയാതെ പോയതിന്റെ അമർഷമുണ്ട്.
224 അംഗ അസംബ്ലി സീറ്റിൽ 104 സീറ്റാണ് ബിജെപിക്കുള്ളത്. കോൺഗ്രസിന് 77ഉം ജെഡിഎസിന് 37 ഉം. ഒരു ബിഎസ്പി അംഗവും രണ്ടു സ്വതന്ത്രരുമുണ്ട്. 115പേരുടെ പിന്തുണയുണ്ടെങ്കിൽ സർക്കാരുണ്ടാക്കാം. രണ്ടു സ്വതന്ത്രർ ബിജെപിക്കൊപ്പമാണ്. കുണ്ടഗോൽ, ചിഞ്ചോലി ഉപതെരഞ്ഞെടുപ്പിലെ ഫലം 23ന് വരും.
ഇവിടെ വിജയിക്കാനാവുമെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നു. ഇതോടെ 108 ആയി ബിജെപിയുടെ അംഗസംഖ്യ മാറും. ഏഴുപേരെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽനിന്ന് അടർത്തിയാൽ ഭരണം ബിജെപിയുടെ കയ്യിലാവും. ഭരണപക്ഷത്ത് ആടി നിൽക്കുന്ന എംഎൽഎമാരെ എന്തു വിലകൊടുത്തും ബിജെപി മറുകണ്ടം ചാടിക്കും. ഇതോടെ കുമാരസ്വാമി സർക്കാർ താഴെ വീഴും. ഈ കണക്കുകൂട്ടലിലാണ് യെദ്യൂരപ്പയും കൂട്ടരും മുന്നോട്ടു പോകുന്നത്.
അതേസമയം, മധ്യപ്രദേശ് സർക്കാരിനെ താഴെയിറക്കാൻ ബിജെപിക്ക് അത്ര എളുപ്പമല്ല. 230അംഗ നിയമസഭയിൽ 114പേർ കോൺഗ്രസിനുണ്ട്. കോൺഗ്രസ് ഇവിടെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ്. 109 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ബിഎസ്പിക്ക് രണ്ടും സമാജ്വാദി പാർട്ടിക്ക് ഒരു എംഎൽഎയുമുണ്ട്. നാലു സ്വതന്ത്രരുമുണ്ട്. ഇവരെല്ലാം നിലവിൽ കമൽനാഥ് സർക്കാരിനെ പിന്തുണയ്ക്കുന്നവരാണ്. ഇവർക്കിടയിൽ ചാഞ്ചാട്ടം പ്രകടമല്ല.
ബിഎസ്പിക്കും എസ്പിക്കും മന്ത്രി സ്ഥാനം നൽകാൻ മുഖ്യമന്ത്രി കമൽനാഥ് തയാറായിട്ടുണ്ട്. ഒരു സ്വതന്ത്രനും മന്ത്രി സ്ഥാനം നൽകിയേക്കും. 116 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഇത് നേടാൻ തൽക്കാലത്തെ സാഹചര്യത്തിൽ ബിജെപിക്കാവില്ല. ഇതുകൊണ്ടു തന്നെയാണ് സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്പോഴും മുഖ്യമന്ത്രി കമൽനാഥ് ധൈര്യത്തോടെ മുന്നോട്ടുവരുന്നത്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി നിലവിലെ മേധാവിത്വം നിലനിർത്തുമെന്നു തന്നെയാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. 2014ൽ ആകെയുള്ള 29 സീറ്റിൽ 27 സീറ്റിലും വിജയിച്ചത് ബിജെപിയായിരുന്നു. രണ്ടു സീറ്റാണ് കോൺഗ്രസിനു ലഭിച്ചത്.