പാലക്കാട്: കല്ലേക്കാട് എആർ ക്യാന്പിലെ പോലീസുകാരനായ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഏഴ് പോലീസുകാർ കീഴടങ്ങി. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ഒരു എഎസ്ഐയും സിപിഒമാരായ അഞ്ചുപേരും ഒരു സീനിയർ സിവിൽ ഓഫീസറുമാണ് കീഴടങ്ങിയത്. വൈകീട്ടോടെ പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ ഇവരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ക്യാന്പ് മുൻ ഡപ്യൂട്ടി കമൻഡാന്റ് സുരേന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി.ജൂലൈ 25 നാണ് അഗളി സ്വദേശിയും ആദിവാസിയുമായ കുമാറിനെ ലക്കിടി റയിൽവേ സ്റ്റേഷനു സമീപം ട്രെയിനിടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയും കുമാറിന്റെ സഹോദരനും പോലീസിലെ ഉന്നതർക്കെതിരെ ആരോപണമുന്നയിച്ചതോടെ കേസന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അസ്വാഭാവിക മരണം എന്നതിൽനിന്നു മാറി, കുമാറിന്റെ സഹപ്രവർത്തകരായിരുന്ന ഏഴു പോലീസുകാർക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം, മോഷണം, ഭവനഭേദനം എന്നീ വകുപ്പുകൾക്കു പുറമേ ആത്മഹത്യപ്രേരണക്കുറ്റം കൂടി ചുമത്തി അന്വേഷണസംഘം കേസെടുക്കുകയും ചെയ്തു.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഒറ്റപ്പാലത്തെത്തി കുമാറിന്റെ ഭാര്യയായിരുന്ന സജിനിയിൽനിന്നും അമ്മയിൽ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തിയിരുന്നു.പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തതോടെ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയിലാണ് കേസ്. ഒറ്റപ്പാലം കോടതിയിൽനിന്നു കുമാറിന്റെ കേസുമായി ബന്ധപ്പട്ട രേഖകൾ അടക്കം മണ്ണാർക്കാട്ടെ പ്രത്യേക കോടതിയിലേക്കു മാറ്റിയിരുന്നു.