കാസര്‍ഗോഡ്: പോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞണ്ടായ അപകടത്തിൽ കുമ്പളയിലെ ഫര്‍ഹാസ് (17) മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എസ്ഐ രജിത്തിന്റെ കുടുംബത്തിന് വധഭീഷണി.
ഇന്നലെ വൈകുന്നേരം 6.15ഓടെയാണ് എസ്ഐയുടെ കുടുംബം താമസിക്കുന്ന മൊഗ്രാല്‍ മാലിയങ്കരയിലെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നിലേക്ക് നീല സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ച രണ്ടു ചെറുപ്പക്കാരെത്തിയത്.
ഈസമയം ക്വാര്‍ട്ടേഴ്സിന് പുറത്തുണ്ടായിരുന്ന എസ്ഐയുടെ അച്ഛനെ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം, ഫര്‍ഹാസിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ പോലീസിനെതിരേ പ്രതിഷേധം കടുപ്പിക്കുകയാണ് മുസ്ലിംലീഗും എംഎസ്എഫും കെഎസ് യുവും.
ഫര്‍ഹാസിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ക്കെതിരായ സ്ഥലംമാറ്റം നടപടി മതിയാകില്ലെന്ന നിലപാടിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്.
എസ്ഐ രജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പോലീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.ഓഗസ്റ്റ് 25നാണ് അപകടമുണ്ടായത്.
സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് സഹപാഠികള്‍ക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്നു ഫര്‍ഹാസ്. കത്തീബ് നഗറില്‍ വച്ച് കാറിന് പോലീസ് കൈകാണിച്ചതായും നിര്‍ത്താതെ പോയ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.