കാസര്‍ഗോഡ്: കുമ്പളയിലെ എണ്ണ മില്‍ ജീവനക്കാരന് ഹരീഷിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ആത്മഹത്യ ചെയ്ത രണ്ട് യുവാക്കള്‍ കൊലപാതകത്തില്‍ അറിയാതെ പങ്കാളികളായതാകാമെന്ന് പോലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി ശ്രീകുമാര്‍ എന്തോ ജോലിചെയ്യാനാണെന്ന രീതിയില്‍ ഇവരെ വീടുകളില്‍ നിന്നും വിളിച്ചുകൊണ്ടുപോയതായിരുന്നു. ഡ്രൈവറായ ശ്രീകുമാര്‍ കൂലിവേലയ്ക്കും കയറ്റിറക്ക് ജോലികള്‍ക്കുമൊക്കെ മുമ്പും ഇവരെ വിളിച്ചുകൊണ്ടുപോയിട്ടുള്ളതിനാല് വീട്ടുകാര്‍ക്കും സംശയമൊന്നും ഉണ്ടായിരുന്നില്ല.
ഹരീഷിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം വഴിയില്‍വച്ചു മാത്രമാകാം ശ്രീകുമാര്‍ ഇവരോട് വെളിപ്പെടുത്തിയതെന്ന് അന്വേഷണസംഘം കരുതുന്നു. ആക്രമിക്കുകയെന്നല്ലാതെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യം അപ്പോഴും ഇവര്‍ക്കറിയില്ലായിരുന്നു.
ഒരുവേള ശ്രീകുമാറിനും ഈ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നാണ് നിഗമനം. ശ്രീകുമാറുമായുള്ള സൗഹൃദം കൊണ്ട് ഇയാള്‍ക്കൊപ്പം ഹരീഷിനെ ആക്രമിക്കുന്നതില്‍ ഇവരും പങ്കാളിയാവുകയായിരുന്നു.
ഇനി പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ആക്രമണത്തില്‍ പങ്കാളിയായിരുന്നു. വെട്ടേറ്റ് വഴിയില്‍ വീണ ഹരീഷ് മരണമടഞ്ഞ വിവരം അടുത്ത ദിവസം മാത്രമാണ് ഇവര്‍ അറിയുന്നതെന്നാണ് പോലീസിന്റെ നിഗമനം.
കുമ്പള കുണ്ടങ്ങാരടുക്ക എസ് ടി കോളനിയിലെ കൂലിത്തൊഴിലാളികളായ റോഷന്, മണികണ്ഠന് എന്നിവരാണ് ഹരീഷിന്റെ മരണത്തിന് തൊട്ടുപിന്നാലെ ആത്മഹത്യയില്‍ അഭയം തേടിയത്.
ഇരുപത് വയസ് മാത്രം പ്രായമുള്ള ദളിത് വിഭാഗത്തില്‍ പെടുന്ന ഈ യുവാക്കള്‍ ഇതുവരെ അക്രമസംഭവങ്ങളിലൊന്നും ഉള്‍പ്പെട്ടതായി അറിവില്ല.