മൊകേരി: കുമ്പളങ്ങ കൃഷിയിൽ മൊകേരി കൂരാറ വയലിലെ കർഷക കൂട്ടായ്മക്ക് ലഭിച്ചത് നൂറ് മേനി.വിപണി കണ്ടെത്താനാകാതെ കർഷകർ കുഴയുന്നു. സ്ത്രീകളും പുരുഷൻമാരുമടങ്ങിയ എഴുപതോളം പേരുള്ള കർഷക കൂട്ടായ്മ പതിറ്റാണ്ടുകളായി കൃഷിയിൽ സജീവമാണ്. ഓരോ സീസണിലും ഇവിടെ വിളയാത്ത പച്ചക്കറികളില്ല. നാല് മാസക്കാലം ഇത്രയും കുടുംബങ്ങളുടെ ഉപജീവന മാർഗം കൂടിയാണ് പച്ചക്കറി കൃഷി. പ്രധാനപെട്ട കൃഷിയാണ് കുമ്പളങ്ങ കൃഷി.
കെ.പി. മോഹനൻ കൃഷി മന്ത്രിയായിരിക്കെ ഹോർട്ടി കോർപ്പ് നേരിട്ട് വയലിലെത്തി കാർഷിക വിളകൾ സ്വീകരിച്ചത് കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു. 20 ടണ്ണോളം കുമ്പളങ്ങ മുൻ വർഷങ്ങളിൽ ഹോർടികോർപ്പ് മാത്രം സംഭരിച്ചിരുന്നു. അതുകൊണ്ട് തന്നെ വിപണി കണ്ടെത്താൻ പ്രയാസമുണ്ടായിരുന്നില്ല. ഇത്തവണ കുമ്പളങ്ങ കൃഷിയിൽ അമിത ഉല്പാദനമുണ്ടായതോടെ ആഹ്ലാദിച്ചിരുന്ന കർഷകർ ഇപ്പോൾ ആശങ്കയിലാണ്.
ഒരു ടണ്ണോളം കുമ്പളങ്ങ മാത്രമാണ് ഹോർട്ടികോർപ്പ് ഈ വർഷം ശേഖരിച്ചത്. ഇനിയും 20 ടണ്ണോളം കുമ്പളങ്ങ വയലിൽ പാകമായി കിടക്കുകയാണ്. വേനൽ മഴ കൂടി എത്തിയതോടെ കുമ്പളങ്ങ വയലിൽ കിടന്ന് നശിക്കുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. കർഷകരെ സഹായിക്കാൻ പഞ്ചായത്തും കൃഷി വകുപ്പും മുന്നോട്ട് വരണമെന്ന ആവശ്യം ശക്തമാണ്.