കൊച്ചി: നെട്ടൂരിൽ ചാക്കിൽ കെട്ടിയനിലയിൽ കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും തുന്പ് ലഭിക്കാതെ പോലീസ്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് പല തരത്തിലുള്ള അന്വേഷണങ്ങൾ നടത്തിയെങ്കിലും എല്ലാം വിഫലമായ കാഴ്ചയാണ് കാണാൻ സാധിക്കുക. മൃതദേഹം കണ്ടെത്തിയ വിവരം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കൈമാറിയിരുന്നെങ്കിലും മരിച്ചയാളെ തിരിച്ചറിയാവുന്ന തരത്തിലുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഇതിനിടെ മൃതദേഹം കണ്ടെത്തിയ നെട്ടൂർ ഷാപ്പിനടുത്തു കുന്പളത്തേക്കു പുതിയ പാലം നിർമിക്കുന്നതിനു സമീപത്തുള്ള പ്രദേത്തെ മുഴുവൻ സിസിടിവി കാമറകളും പോലീസ് പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും നിരാശയായിരുന്നു ഫലം. മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം പോലീസിനു ലഭിച്ചിട്ടില്ല.
മരിച്ചയാളുടെ തലയിൽ തുന്നിക്കെട്ടുള്ളതിനാൽ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മരിച്ചതു മലയാളിയാണോയെന്നു പോലും സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിനു സാധിച്ചിട്ടില്ല. അതേസമയം, മൃതദേഹവുമായി സാദൃശ്യമുള്ള മൂന്നു ചിത്രങ്ങൾ പോലീസ് തയാറാക്കിയിട്ടുണ്ട്.
തേവര, മരട്, പനങ്ങാട് ഉൾപ്പടെയുള്ള സ്റ്റേഷനുകളിൽനിന്നായി പതിമൂന്ന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ എന്തെങ്കിലും തുന്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ചാക്കിൽ കെട്ടിയ നിലയിൽ അഴുകിയ മൃതദേഹം കഴിഞ്ഞ എട്ടിനാണു നെട്ടൂർകുന്പളം പാലത്തിനടുത്തായി കായലിൽ പൊങ്ങിയത്. കൈകാലുകൾ കൂട്ടികെട്ടി, വായിൽ തുണി തിരുകിക്കയറ്റി, പ്ലാസ്റ്റർ ഒട്ടിച്ച നിലയിലായിരുന്നു മൃതശരീരം. എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.