കൊച്ചി: കുന്പളങ്ങിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. കുന്പളങ്ങി സ്വദേശികളായ ജിതിൻ, ജിജോ, ഷാരോണ്‍ എന്നിവരെയാണ് പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
മാമോദീസ വീട്ടിൽ നടന്ന തർക്കത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് കുന്പളങ്ങി നടുവിലത്തറ വീട്ടിൽ കണ്ണൻ മുതലാളി എന്നു വിളിക്കുന്ന അനിൽ കുമാർ (32) കുത്തേറ്റുമരിച്ചത്.
കൊല്ലപ്പെട്ട അനിൽകുമാറിന്റെ സുഹൃത്തിന്റെ ഭാര്യാ സഹോദരനാണ് ജിതിൻ. ജിതിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനിടെ മദ്യപിച്ചെത്തിയ അനിൽകുമാറും സംഘവും ജിതിന്റെ പിതാവിനെ മർദിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്.
തുടർന്ന് ഇരു സംഘവും തമ്മിൽ സംഘർഷം ഉണ്ടായെങ്കിലും നാട്ടുകാർ ഇടപെട്ട് ഇവരെ ഇവിടെനിന്ന് പറഞ്ഞയച്ചു. ഇതിനുശേഷം വീട്ടിൽ നിന്നിറങ്ങിയ അനിൽകുമാറിനെ പിന്തുടർന്ന എതിർ സംഘം കുന്പളങ്ങി പഞ്ചായത്ത് ഓഫീസിനു സമീപം വച്ച് അർധരാത്രി ഇയാളെ ആക്രമിക്കുകയായിരുന്നു.
ഇറച്ചിവെട്ടുകാരനായ അനിൽകുമാർ കൈയിലുണ്ടായിരുന്ന കത്തി എതിർവിഭാഗത്തിനുനേരെ വീശിയതായി പറയപ്പെടുന്നു. തുടർന്ന് എതിർവിഭാഗം ഇയാളുടെ കാലിൽ വെട്ടുകയായിരുന്നു.
മദ്യ ലഹരിയിലായിരുന്ന അനിൽകുമാർ രക്തം വാർന്നാണ് മരിച്ചത്. അതേസമയം, സംഭവസ്ഥലത്ത് നിന്ന് ചെറിയ കത്തി കണ്ടെത്തിയെങ്കിലും ഇത് ഉപയോഗിച്ചല്ല കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം.
നേരത്തെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അനിൽകുമാർ ഭാസ്കരൻ-സരോജിനി ദന്പതികളുടെ ദത്തുപുത്രനാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ സംസ്കരിച്ചു.