കൊച്ചി: കുമ്പളങ്ങി സ്വദേശിയായ ആന്റണി ലാസറെ (39) മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ കൊലപാതകത്തിനു കാരണമായത് നാലു വർഷം മുൻപുണ്ടായ പക.
കേസിൽ ഒന്നാം പ്രതി കുമ്പളങ്ങി സ്വദേശി തറേപ്പറമ്പില്‍ ബിജു (43), രണ്ടാം പ്രതി കുമ്പളങ്ങി ഭജനമഠത്തിനു സമീപത്തെ ലാല്‍ (38) എന്നിവരെയാണ് ഇന്നലെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
എരൂര്നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ഒന്നാം പ്രതി ബിജുവിന്റെ ഭാര്യ രാഖി (22), കുമ്പളങ്ങി സ്വദേശി പുത്തങ്കരി സെല്വന് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കൈ തല്ലിയൊടിച്ചതിന്റെ വിരോധം
നാല് വര്‍ഷം മുന്‍പ് ലാസറും സഹോദരനും ചേര്‍ന്നു ബിജുവിന്റെ കൈ തല്ലിയൊടിച്ചതിന്റെ വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് കണ്ടെത്തല്‍.
കഴിഞ്ഞ മാസം ഒമ്പത് മുതല്‍ കാണാതായ ലാസറിനുവേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ ബിജുവിന്റെ വീടിനടുത്തുള്ള ചതുപ്പില്‍ അഴുകിയ നിലയില്‍ കഴിഞ്ഞ ശനിയാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു.
വഴക്ക് പറഞ്ഞു തീര്‍ക്കാമെന്നു വിശ്വസിപ്പിച്ച് ലാസറിനെ ബിജുവിന്റെ വീട്ടിലെത്തിച്ചശേഷം ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനുശേഷം ലാസറിനെ മര്‍ദിച്ചു കൊലപ്പെടുത്തി.
മൃതദേഹം ബിജുവിന്റെ വീടിന് സമീപത്തുള്ള ചതുപ്പിൽ മൂടുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മൃതദേഹം മറവു ചെയ്യുന്നതിനടക്കം പ്രതികള്‍ക്കു സൗകര്യം ഒരുക്കി നല്കിയതിനാണു രാഖിയെ അറസ്റ്റ് ചെയ്തത്.
കേസില്‍ ഇന്നലെ പിടിയിലായ മുഖ്യപ്രതിയടക്കമുള്ള രണ്ടുപേരെ ഇന്നു കോടതിയില്‍ ഹാജരാക്കും. പള്ളുരുത്തി സബ് ഇന്‍സ്പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.