സ്വയം ജീവിതം ജീവിച്ചു തീര്‍ക്കുന്നതിനിടയില്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്കു കൂടി അനുഭാവപൂര്‍വം നോക്കുന്ന അപൂര്‍വം ചിലര്‍ മാത്രമേ ഈ ഭൂമിയില്‍ ജീവിക്കുന്നുള്ളൂ. സ്വന്തം ജീവിതാനുഭവങ്ങളാണ്് ഇക്കാര്യത്തില്‍ ഇത്തരക്കാര്‍ക്ക് പ്രേരണയാകുന്നത്. അങ്ങനെയൊരു അപൂര്‍വ വ്യക്തിത്വമാണ് കുമ്പളത്ത് ശങ്കരപ്പിള്ള എന്ന മോനി. ഒമാനില്‍ ബിസിനസ് ചെയ്യുന്ന മോനി ഇന്ന് പ്രവാസലോകത്ത് ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകനാണ്.
വളരെ യാതനകള്‍ അനുഭവിച്ചതിനു ശേഷമാണ് മോനി ഇന്ന് ഈ കാണുന്ന നിലയിലെത്തിയത്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു തിരുവോണരാവില്‍ ഒമാനിലെ ഫ്ളാറ്റിന്റെ വാതില്ക്കല് ഒരു ചെറുപ്പക്കാരന് നില്‍പ്പുണ്ടെന്നറിഞ്ഞാണ് മോനി ഇറങ്ങിച്ചെല്ലുന്നത്. ചെന്ന് സംസാരിച്ചപ്പോള്‍ മലയാളിയാണ്. മോനിയെ കണ്ട് അയാള്‍ പൊട്ടിക്കരഞ്ഞു. ഭക്ഷണം കഴിച്ചിട്ടില്ലെന്നു മനസിലായതോടെ അകത്തേക്കു വിളിച്ച് ചോറു വിളമ്പിയപ്പോള്‍ അയാള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. നാട്ടില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവറായിരുന്ന മുണ്ടക്കയം സ്വദേശി കൂടുതല്‍ നല്ല ജോലി തേടിയാണ് ഒമാനിലെത്തിയത്. പക്ഷേ, ഇടനിലക്കാരന് ചതിച്ചു. നാട്ടിലേക്കു മടങ്ങാന്‍ പോലുമാകാത്ത അലയുന്നതിനിടെ, മലയാളിയുടെ ഫ്ളാറ്റാണെന്നറിഞ്ഞ് ഭക്ഷണം തേടി കയറിയതാണ്. മോനി അയാളെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ച് നാട്ടിലേക്ക് മടക്കിയയച്ചു. അയാളുടെ അഭ്യര്‍ത്ഥനപ്രകാരം നാട്ടില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയും ശരിയാക്കി.
മറ്റൊരിക്കല്‍ മോനിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ ഒരു സ്ത്രീയേയും കൂട്ടി മോനിയുടെ ഓഫീസിലെത്തി. വഴിയില്‍ അലഞ്ഞു തിരിയുന്നതു കണ്ട് സംശയം തോന്നി ഒപ്പം കൂട്ടിയതാണ്. വീട്ടു ജോലിക്കായി ഒമാനില്‍ എത്തിയതാണ് പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മ. തൊഴില്‍ ചെയ്യുന്ന വീട്ടിലെ പീഡനം സഹിക്ക വയ്യാതായപ്പോള്‍ ഏങ്ങോട്ടെന്നില്ലാതെ ഇറങ്ങിയോടി. നാട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ അറിയിച്ചെങ്കിലും, തനിക്കൊന്നും അറിയേണ്ട എന്ന ഭാവമായിരുന്നു ഭര്‍ത്താവിന്. ഒടുവില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ വഴി ഈ സ്ത്രീയുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ബന്ധപ്പെട്ടതോടെ മക്കള്‍ക്ക് അമ്മയെ കാണണമെന്നായി. എല്ലാ സൗകര്യങ്ങളും ഒരുക്കി നാട്ടിലേക്കു പറഞ്ഞയയ്ക്കുമ്പോള്‍ അവര്‍ക്കു പറയാന്‍ പ്രവാസലോകം നല്കിയ വേദന നിറഞ്ഞ അനുഭവങ്ങള്‍ മാത്രമായിരുന്നു. ചില സന്നദ്ധ സംഘടനകള്‍ വഴി അവരുടെ മക്കളുടെ തുടര്‍ പഠനത്തിന് സൗകര്യമൊരുക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമായെന്നും മോനി ഓര്‍മ്മിക്കുന്നു.
കൊല്ലത്തെ തെക്കേക്കര കുടുംബത്തില്‍ ശങ്കരക്കുറുപ്പിന്റെ പൗത്രനാണ് മോനി. അമ്മ കുമ്പളത്ത് രാജമ്മ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ അഡ്വ. പ്രാക്കുളം പി.കെ. പത്മനാഭപിള്ളയുടെ മകള്‍. അച്ഛന് തെക്കേക്കര ശിവശങ്കരപ്പിള്ള. ആദ്യകാല കെ.പി.സി.സി പ്രസിഡന്റ് കുമ്പളത്ത് ശങ്കുപ്പിള്ളയുടെ കൊച്ചനന്തിരവന്‍ ആയതുകൊണ്ടുതന്നെ പാരമ്പര്യമായി കിട്ടിയ കോണ്‍ഗ്രസ് രാഷ്ട്രീയം സ്കൂള്‍ കാലഘട്ടം മുതല്‍ മോനിയിലേക്കും പടര്‍ന്നു. രാഷ്ട്രീയത്തില്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു കോളജ് വിദ്യാഭ്യാസ കാലത്തിനു ശേഷം തലസ്ഥാനത്തേക്കുള്ള വരവ്. പക്ഷേ, ഒരു ജോലിക്കായി നടത്തിയ ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടു. ചെറിയൊരു ബിസിനസ് തുടങ്ങിയതാകട്ടെ തകര്‍ന്നടിഞ്ഞു. നാട്ടില്‍ നില്ക്കാന് കഴിയാത്ത അവസ്ഥ. അതോടെ അക്കാലത്തെ തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ വഴി മോനിയും സ്വീകരിച്ചു പ്രവാസലോകം. അങ്ങനെ ഒമാനിലേക്ക്…
എന്നാല്‍ ഒമാനില്‍ ചെന്ന കാലം മോനിയ്ക്ക് അത്ര സുഖമുള്ളതായിരുന്നില്ല. ജോലിയ്്ക്കായുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നപ്പോള്‍ സ്വന്തമായി ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി. കടങ്ങളുടെ പുറത്തു കെട്ടിപ്പടുത്തതായിരുന്നു അത്. അതോടെ ജീവിതത്തില്‍ ചെറിയ പുരോഗതിയുണ്ടായി. ഒമാനില്‍ സ്വദേശിവല്ക്കരണമുണ്ടായപ്പോഴും മോനി പിടിച്ചു നിന്നു. നിര്‍മാണമേഖലയില്‍ ചുവടുറപ്പിച്ച മോനി പിന്നീട് ആ മേഖലയില്‍ വന്‍ വിജയങ്ങള്‍ വെട്ടിപ്പിടിച്ചു. അന്ധനായ ചെറുപ്പക്കാരന് കാഴ്ച സമ്മാനിച്ചപ്പോള്‍ തന്നെ ആദ്യം കാണണമെന്ന് അയാള്‍ പറഞ്ഞ നിമിഷം, ചെയ്യാത്ത കുറ്റത്തിന് തടവിലാക്കപ്പെട്ട കണ്ണൂര്‍ സ്വദേശികളായ നാലു ചെറുപ്പക്കാരെ ജയില്‍മോചിതരാക്കാന്‍ കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളുടെ നിമിഷം, ഏജന്റിന്റെ ചതിക്കുഴിയില്‍ വീണ് ഒമാനിലെത്തിയ കോഴിക്കോട് സ്വദേശിയെ തിരികെ വീട്ടിലെത്തിച്ചപ്പോള്‍ അയാളുടെ അമ്മ ചേര്‍ത്തു നിര്‍ത്തിയ നിമിഷം. മോനി തന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കുന്നത് ഇങ്ങനെയാണ്.
തന്റെ സ്വഭാവ രൂപീകരണത്തിന് കാരണക്കാരനായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള ആണെന്ന് മമോനി പറയുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവാസികള്‍ക്കും കുടുംബത്തിനും ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതായി രൂപീകരിക്കുന്ന പ്രവാസി വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അവസാനഘട്ട ഒരുക്കങ്ങളിലാണ്, ഓമനില്‍ നിന്നുള്ള ലോക കേരളസഭാ പ്രതിനിധി കൂടിയായ മോനി. തന്റെ വലിയ കരുത്ത് കുടുംബവും സുഹൃത്തുക്കളുമാണെന്ന് മോനി പറയുന്നു. സിന്ധുവാണ് ഭാര്യ ദേവിക എസ് പിള്ള, അംബിക എസ്. പിള്ള, രാധിക എസ്. പിള്ള എന്നിവ മക്കളാണ്. പതിനെട്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ പ്രശ്നത്തില്‍ പെട്ട 200ലധികം ആളുകളെയാണ് മോനി ഇരുവരെ നാട്ടില്‍ തിരികെയെത്തിച്ചത്.