തൊടുപുഴ/രാജകുമാരി: ആനക്കലിയിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട് ജീവിക്കാൻ വഴികാണാതെ ഒരുപറ്റം മനുഷ്യർ.
ചിന്നക്കനാൽ, പന്നിയാർ, ബിഎൽറാം, പൂപ്പാറ, സൂര്യനെല്ലി, മൂന്നാർ, നയമക്കാട്, ആനയിറങ്കൽ, തോണ്ടിമലചൂണ്ടൽ, 80 ഏക്കർ പ്രിയദർശിനി കോളനി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് ജീവനും കൈയിൽ പിടിച്ചു ദിവസങ്ങൾ തള്ളിനീക്കുന്നത്. കാട്ടാനയുടെ ദാക്ഷിണ്യത്തിലാണ് ഇവരുടെ നിത്യജീവിതം.
ഉറക്കില്ലാത്ത രാത്രികൾ
കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം എന്നതിനാൽ ഉറക്കമില്ലാത്ത രാത്രികളാണ് ഇവിടെയുള്ളവരുടേത്.
ആനയിറങ്കൽ, ചിന്നക്കനാൽ മേഖലയിൽ അരിക്കൊന്പൻ, ചക്കക്കൊന്പൻ, മുറിവാലൻകൊന്പൻ എന്നിവയും മൂന്നാറിൽ പടയപ്പ, ചില്ലിക്കൊന്പൻ, ഹോസ്കൊന്പൻ എന്നിവയുമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.
ശാന്തന്പാറയിൽ വീടുകൾ, പലചരക്ക് കടകൾ എന്നിവയ്ക്കു നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ മൂലം ഇവിടെ ജീവിതം ദുഷ്കരമായിരിക്കുകയാണ്.
കൃഷി തകർത്തു
ഏലം ഉൾപ്പെടെയുള്ള കൃഷികൾ പതിവായി നശിപ്പിക്കുന്നതു മൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.
തോണ്ടിമല ചുണ്ടലിൽ അരിക്കൊന്പൻ കഴിഞ്ഞ 28നു മൂന്നു വീടുകളാണ് തകർത്തത്. മാരിമുത്തു, ബന്ധുവായ ചിന്താമണി, വളവുകോട് രാമർ എന്നിവരുടെ വീടുകളാണ് തകർത്തു തരിപ്പണമാക്കിയത്.
മധുരയിലെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്പോഴാണ് ഒറ്റയാൻ വീടു തകർത്ത വിവരം മാരിമുത്തു അറിയുന്നത്.
ഭിന്നശേഷിക്കാരനായ മകൻ സത്യമൂർത്തിക്കു ചുണ്ടലിലെ വീട്ടിലേക്കു നടന്നുപോകാൻ കഴിയാത്തതിനാൽ ബന്ധുവീട്ടിലാണ് താമസം.
എംഎ, ബിഎഡ് ബിരുദധാരിയായ സത്യമൂർത്തിക്കു ജോലിയില്ല. അമ്മ പളനിയമ്മാളിന്റെ കൂലിപ്പണി ചെയ്തു ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഈ കുടുംബം ഉപജീവനം നടത്തുന്നത്.
കഴിഞ്ഞ ദിവസവും അരിക്കൊന്പന്റെ ആക്രമണം ഇവിടെയുണ്ടായി. നിരവധി കുടുംബങ്ങളാണ് ഇവിടെ ഭീതിയിൽ കഴിയുന്നത്.
കാടുവിട്ട് നാട്ടിലേക്ക്
അതിർത്തി വനമേഖലകളോടു ചേർന്ന പ്രദേശങ്ങളിലായിരുന്നു കാട്ടാനകൾ നേരത്തെ എത്തിയിരുന്നത്.
എന്നാൽ, വനമേഖലയിൽനിന്നു കിലോമീറ്ററുകൾ അകലെയുള്ള ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമാണ് ഇപ്പോൾ കാട്ടാനകളുടെ വിഹാരകേന്ദ്രം. പകൽ പോലും കാട്ടാനകൾ ദേശീയ പാതയിലിറങ്ങുന്നതു ഭീതി സൃഷ്ടിക്കുന്നു.
പൂപ്പാറ വിലക്ക് ഭാഗം, ചന്തപ്പാറ, പുതുപ്പാറ തുടങ്ങിയ മേഖലകളിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതു പതിവാണ്. കാട്ടാനപ്പേടിയിൽ തോട്ടങ്ങളിൽ ജോലിക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പലരും.
നിരന്തരമായ ആവശ്യത്തെത്തുടർന്നു വാച്ചർമാരെ പട്രോളിംഗിനായി നിയമിച്ചിട്ടുണ്ടെങ്കിലും കാട്ടാനകളെ ഭയന്നു പല തൊഴിലാളികളും ഈ മേഖലയിലെ തോട്ടങ്ങളിൽ ജോലിക്കെത്താറില്ല.
രാവിലെ ആറിനും പത്തിനുമിടയിലാണ് കൂടുതൽ ആക്രമണങ്ങളും. കാട്ടാനകളുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു ഗുരുതരമായ പരിക്കുകളോടെ കഴിയുന്ന നിരവധിപ്പേർ ഈ പ്രദേശങ്ങളിലുണ്ട്.
നശിപ്പിക്കാത്തതൊന്നുമില്ല
ജീവനാശത്തിനു പുറമെ വീടുകൾ, ഏലക്ക സംസ്കരിക്കാനുള്ള സ്റ്റോറുകൾ, ജലസംഭരണ ടാങ്കുകൾ, കുടിക്കുന്നതിനും തോട്ടം നനയ്ക്കാനുമായി സ്ഥാപിച്ചിട്ടുള്ള പന്പുസെറ്റുകൾ, പൈപ്പുകൾ, മോട്ടോർ പുരകൾ എന്നിങ്ങനെ കോടിക്കണക്കിനു രൂപയുടെ വസ്തുവകകളാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ കാട്ടാനകൾ തകർത്തത്.
ഏലം, കുരുമുളക്, വാഴ, ജാതി, മരച്ചീനി തുടങ്ങിയ വിളകളും കാട്ടാനകൾ പിഴുതെറിയുകയാണ്. രാത്രി പടക്കം പൊട്ടിച്ചു ശബ്ദമുണ്ടാക്കിയും വീടിനു പുറത്ത് ആഴി കൂട്ടി കാവലിരുന്നും ഇവയെ പ്രതിരോധിക്കാൻ പ്രദേശവാസികൾ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, ഇതെല്ലാം വിഫലമാകുന്ന കാഴ്ചയാണ് സമീപനാളുകളിൽ ഉണ്ടാകുന്നത്.
കലിയടങ്ങാതെ അരിക്കൊന്പൻ
ശാന്തന്പാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമണകാരിയായ കാട്ടാനയാണ് അരിക്കൊന്പൻ.
30 വയസാണ് പ്രായം. അരിയും മറ്റു ഭക്ഷ്യവിഭവങ്ങളുമാണ് ഇഷ്ട ഭോജനം. അരി ഇഷ്ടഭോജനമായതിനാലാണ് അരിക്കൊന്പൻ എന്ന വിളിപ്പേര് വീണത്.
കഴിഞ്ഞ ഏഴു വർഷത്തിനിടെ ദേവികുളം റേഞ്ചിൽ അരിക്കൊന്പന്റെ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
24 വീടുകളും നാലു വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം വരുത്തുകയും ചെയ്തു. റേഷൻകട ആക്രമിച്ച് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും തിന്നുതീർത്താലും അരിക്കൊന്പന് കലിയടങ്ങില്ല.
13 തവണ ആക്രമണം നടന്ന റേഷൻകട സംരക്ഷിക്കാൻ ഒടുവിൽ ഫെൻസിംഗ് സ്ഥാപിച്ചതോടെയാണ് ഇവിടത്തുകാർക്ക് അല്പം ആശ്വാസം ലഭിച്ചത്.
കാട്ടാനകളെ പിടികൂടാൻ 2017ൽ തമിഴ്നാട്ടിൽനിന്നു കുങ്കിയാനകളായ കലീമിനെയും വെങ്കിടേഷിനെയും എത്തിച്ചെങ്കിലും ഇവയെ തുരത്താനുള്ള ശ്രമം വിജയം കണ്ടില്ല.
കുറുന്പൻ പടയപ്പ
മൂന്നാറിലെ തലയെടുപ്പുള്ള കാട്ടാനകളിൽ ഒന്നാണ് പടയപ്പ. മൂർച്ചയേറിയ നീണ്ടുവളഞ്ഞ കൊന്പുകളാണ് ഇതിനുള്ളത്.
തമിഴ് സിനിമാനടൻ രജനീകാന്തിന്റെ പടയപ്പ എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണ് ആളുകൾ ഈ ഒറ്റയാനു പടയപ്പ എന്ന പേരു നൽകിയത്. നേരത്തെ ശാന്തസ്വഭാവം പുലർത്തിയിരുന്നതിനാൽ ആളുകൾക്ക് ഏറെ ഇഷ്ടമായിരുന്നു. എന്നാൽ, സമീപനാളിൽ കുറുന്പ് കൂടിയതോടെ പടയപ്പ ആളുകൾക്ക് അന്യനായി മാറി.
കടകളിലെ കാരറ്റ്, പൈനാപ്പിൾ, കരിക്ക് തുടങ്ങിയ ഭക്ഷ്യവസ്തുക്കളെല്ലാം അകത്താക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ഇടഞ്ഞു തുടങ്ങിയത്.
മാട്ടുപ്പെട്ടി, രാജമല, നയമക്കാട്, എക്കോ പോയിന്റ്, നെറ്റിക്കുടി, ഗുണ്ടുമല തുടങ്ങിയ സ്ഥലങ്ങളാണ് പടയപ്പയുടെ വിഹാരകേന്ദ്രം.
ശാന്തസ്വഭാവക്കാരനായ പടയപ്പ ആക്രമണകാരിയായി മാറുന്പോൾ എസ്റ്റേറ്റുമേഖലകളിലെ തൊഴിലാളികൾക്കും യാത്രക്കാർക്കും ആശങ്കയേറുകയാണ്.
ഒരിക്കൽ തോറ്റുമടങ്ങി, ഇനി ?
ജനുവരി 27ന് 20 പേരടങ്ങുന്ന ആർആർടി സംഘം ഈ മേഖലയിൽ എത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ കാട്ടാനകളെ കാടുകയറ്റി വിടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ശ്രമം വിജയം കണ്ടില്ല.
വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുണ് സക്കറിയയുടെ നേതൃത്വത്തിൽ ആക്രമണകാരികളായ കാട്ടാനകളെ നിരീക്ഷിച്ചിരുന്നു.
വയനാട്ടിലെയും ഇടുക്കിയിലെയും ദ്രുതകർമ സേനാംഗങ്ങളും നിരീക്ഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. അരിക്കൊന്പൻ, മൊട്ടവാലൻ, ചക്കക്കൊന്പൻ എന്നീ ആനകൾ പ്രദേശത്തു തുടർച്ചയായി ഭീതിപരത്തുന്ന സാഹചര്യത്തിലായിരുന്നു വനം വകുപ്പ് വയനാട്ടിൽനിന്നുള്ള സംഘത്തെ നിയോഗിച്ചത്.
നിരന്തരമായി ആക്രമണം നടത്തുകയും നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്ത പ്രശ്നക്കാരനായ അരിക്കൊന്പനെ കൂട്ടിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ 31ന് വനംമന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കാട്ടാനകളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടിൽനിന്നുള്ള സംഘം ഇടുക്കിയിലെത്തിയത്. പിന്നീട് ഡോ.അരുണ് സക്കറിയയുടെ റിപ്പോർട്ടനുസരിച്ചു കഴിഞ്ഞ ദിവസം ചീഫ് വൈൽഡ് ലൈഫ് വാർഡൻ അരിക്കൊന്പനെ മയക്കുവെടിവയ്ക്കാൻ നിർദേശം നൽകി. ഇതിനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്.
വെല്ലുവിളികൾ
അരിക്കൊന്പൻ നല്ല വലുപ്പമുള്ള ആനയാണ്. അതുകൊണ്ടുതന്നെ കുങ്കിയാനകൾക്കു പോലും അരിക്കൊന്പനോട് അടുക്കാൻ പേടിയാണ്. അതുപോലെ ചെരിവുകൾ കൂടിയ ഇടുക്കിയുടെ ഭൂപ്രകൃതിയും അരിക്കൊന്പനെ മയക്കുവെടി വയ്ക്കാൻ തടസമാണ്.
നിരപ്പായ പ്രദേശത്തേക്ക് അരിക്കൊന്പൻ എത്തുന്നതുവരെ കാത്തിരുന്നു മാത്രമേ വെടിവയ്ക്കാൻ കഴിയൂ. പലപ്പോഴും പുഴയോരത്തു തന്പടിക്കുന്ന കൊന്പനെ അവിടെവച്ചു വെടിവയ്ക്കുന്നതും സാഹസികമാണ്. ആന വെള്ളത്തിലിറങ്ങാൻ സാധ്യതയുണ്ട്. എങ്കിലും പരമാവധി ശ്രമിക്കാനാണ് പുതിയ ദൗത്യസംഘത്തിന്റെ ശ്രമം.
പൊലിഞ്ഞത് 44 ജീവനുകൾ
ജില്ലയിൽ മാത്രം 44 പേരുടെ ജീവനുകളാണ് ഇതുവരെ കാട്ടാനകളുടെ ആക്രമണത്തിൽ പൊലിഞ്ഞത്. ഇടമലക്കുടി ഉൾപ്പെടെയുള്ള ആദിവാസിക്കുടികളിലും മറ്റും ആയിരക്കണക്കിനു താമസക്കാർ കാട്ടാന ആക്രമണം മൂലം പതിറ്റാണ്ടുകളായി തീരാദുരിതത്തിലും തോരാ കണ്ണീരിലുമാണ്.
ആക്രമണകാരികളായ ഒറ്റയാന്മാരടക്കമുള്ള കാട്ടാനകൾ ജീവനെടുക്കുന്നതിനു പുറമെ വീട്, കൃഷി എന്നിവയ്ക്കു നാശം വരുത്തുകയും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തകർക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാപകൽ ഭേദമില്ലാതെ ആനകളുടെ ആക്രമണം തുടർക്കഥയായി മാറുന്പോൾ നിസഹായതയോടെ നോക്കി നിൽക്കാനെ പ്രദേശവാസികൾക്കു കഴിയുന്നുള്ളൂ.
ഏറ്റവും ഒടുവിൽ ശക്തിവേൽ
കഴിഞ്ഞ ജനുവരി 25നു രാവിലെയായിരുന്നു വനംവകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്താൻ എത്തിയപ്പോഴാണ് ദാരുണ സംഭവം.
കാട്ടാനകളെ ശകാരിച്ചു കാടുകയറ്റി വിടുന്നതിൽ ഇദ്ദേഹം അതിസമർഥനായിരുന്നു. ആനകളുമായി വൈകാരിക ബന്ധം സൃഷ്ടിക്കാൻ ശക്തിവേൽ ഏറെ ശ്രമിച്ചിരുന്നു.
ശക്തിവേലിന്റെ മരണം നാട്ടുകാർക്കു താങ്ങാനാവുന്നതിലും വലിയ ആഘാതമാണ് ഏൽപ്പിച്ചത്. കാട്ടാനകളെത്തിയാൽ ഓടിയെത്തുന്ന രക്ഷകനെയാണ് അവർക്കു നഷ്ടമായത്.
പഠനവും മുടങ്ങി
നേരം ഇരുട്ടിയാൽ വീടിനു പുറത്തിറങ്ങാൻ ചിന്നക്കനാൽ, സിങ്കുകണ്ടം, ആനയിറങ്കൽ, മൂലത്തുറ, പേത്തൊട്ടി, തോണ്ടിമല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്കു ഭയമാണ്. ആദിവാസി കുട്ടികളിലെ കുട്ടികളുടെ പഠനവും കാട്ടാനശല്യം മൂലം മുടങ്ങുന്ന സ്ഥിതിയിലാണ്.
കൊച്ചി- ധനുഷ്ക്കോടി ദേശീയപാതയിലെ പെരിയകനാൽ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗങ്ങളിൽ കാട്ടാന ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നതാണ് നിലവിലെ സ്ഥിതി.
ഇതുവഴി സഞ്ചരിച്ച നിരവധി വാഹനങ്ങൾക്കു നേരേ ഇതിനോടകം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുമൂലം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ് ആളുകൾ പുറത്തിറങ്ങുന്നത്.