(അപകടമുണ്ടായ ബസിലെയാത്രക്കാരനായിരുന്ന റിട്ടയേഡ് അധ്യാപകൻ എ.വി. ജോർജ് അനുസ്മരിക്കുന്നു)
കേരളത്തിലെ ഏറ്റവും വലിയ ബസപകടമായി കണക്കാക്കുന്ന കുന്പഴയിലെ ആ ദുഃഖവെള്ളിയാഴ്ചയുടെ 40 -ാം വാർഷികമാണ് ഇന്ന്.1979 മാർച്ച് 30 വെള്ളി, എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച മറക്കാനാവാത്ത ഒരു “ദുഃഖവെള്ളി’യായിരുന്നു അന്ന്… എനിക്കു മാത്രമല്ല എന്റെ കുടുംബത്തിനും. “മലയാലപ്പുഴ’ ഗ്രാമത്തിനും….
കേരളത്തിലെ ഏറ്റവും വലിയ ബസപകടം – 46 മനുഷ്യജീവനുകളാണ് അപകടത്തിൽ നഷ്ടമായത്. മലയാലപ്പുഴ ഗ്രാമത്തിനേറ്റ കനത്ത ആഘാതം… 150 ഓളം ഗ്രാമവാസികൾ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ആ “ദുഃഖവെള്ളി’യുടെ 40 വർഷങ്ങൾ പിന്നിടുന്ന ഇന്നും ഓർമയിൽ പച്ചപിടിച്ചു നില്ക്കുന്ന ആ ദിവസത്തെ ഓർമിച്ചെടുക്കുകയാണ്.
1979 മാർച്ച് 30 വെള്ളിയാഴ്ചയിലെ പ്രഭാതം….അന്ന്, മലയാലപ്പുഴ മുണ്ടയ്ക്കൽ പ്രദേശത്തുള്ള എഴിക്കാത്ത് വീട്ടിൽനിന്നും രാവിലെ എട്ടിന് അമ്മയോട് യാത്രചോദിച്ചിറങ്ങി – പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഒന്നാം വർഷ ബിഎസ്സി ഫിസിക്സിന്റെ ഇക്കൊല്ലത്തെ അവസാന പീരിയഡാണ്. ഞാൻ മാത്രമല്ല എന്റെ രണ്ടു സഹോദരന്മാരും. ജ്യേഷ്ഠൻ – ജോണ് വർഗീസ്, തിരുവല്ല മാർത്തോമ്മാ കോളജിലെ ശാസ്ത്രാധ്യാപകനാണ്, അനുജൻ എ.വി. മാത്യു. പ്രി ഡിഗ്രി വിദ്യാർഥി.
ഏകദേശം ഒരു കിലോമീറ്റർ നടന്ന് “പൊതീപ്പാട്’ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ, കോമോസ് ബസിൽ യാത്രചെയ്യാൻ വീട്ടിൽനിന്നും നേരത്തേ ഇറങ്ങിയ ജ്യേഷ്ഠനെ കണ്ടു, കാരണമന്വേഷിച്ചു. കെഎസ്ആർടിസി ബസ് പത്തനംതിട്ടയിൽനിന്നും വന്നിട്ടില്ലത്രേ. ഞാനും അനുജനും എന്നും സർക്കാർ ബസിനു പിന്പേ വരുന്ന “കോമോസ്’ എന്ന സ്വകാര്യബസിലാണ് യാത്രചെയ്തിരുന്നത്. സർക്കാർ ബസിനെ പ്രതീക്ഷിച്ചവരുടെ മുഖത്ത് നിരാശ, ഒപ്പം പകയും വിദ്വേഷവും. അടുത്തത് “പിള്ളേരുവണ്ടി’യാണ് വരുന്നത്, അതിൽ വലിയ തിരക്കനുഭവപ്പെടും.”പൊതീപ്പാട്’ സ്റ്റോപ്പിൽ ആളുകളുടെ എണ്ണം കൂടിവരുന്നു.
പുതുക്കുളത്തുനിന്നും പത്തനംതിട്ടയ്ക്കു പുറപ്പെട്ട “കോമോസ്’ ബസ് ഒരു ഞരക്കത്തോടെ വന്നുനിന്നു. മനസില്ലാമനസോടെ എല്ലാവരും അതിൽ കയറി, ഒപ്പം ഞാനും അനുജനും ജ്യേഷ്ഠനും. മറ്റെല്ലാ ദിവസങ്ങളിലും ബസിന്റെ പിൻവശത്തെ വാതിലിൽക്കൂടി പ്രവേശിക്കാറുള്ള ഞാൻ, അന്നു മാത്രം ബസിന്റെ മുൻവശത്തെ വാതിലിൽക്കൂടിയാണ് കയറിയതെന്ന് ഓർക്കുന്പോൾ ഇന്നും അത്ഭുതം! ജ്യേഷ്ഠനും അനുജനും ബസിന്റെ പിൻവശത്തായി നില്ക്കുകയാണ്… ബസ് ചലിച്ചുതുടങ്ങി… ബസിനുള്ളിൽ കഠിനമായ തിരക്ക്…
സ്റ്റോപ്പുകളിൽ നിർത്തി കൂടുതൽ യാത്രക്കാരുമായി ബസ് യാത്ര തുടർന്നു. സർക്കാർ ബസ് വന്നെത്താത്തതിലൂടെ കൈവന്ന ഭാഗ്യം’ മുതലെടുക്കുകയാണ് കോമോസ്’ ജീവന ക്കാർ.. അധികഭാരവുമായി ബസ് അമിതവേഗത്തിൽ.
പലരും പ്രതിഷേധ സ്വരമുയർത്തി. പക്ഷേ അവയെല്ലാം ബസിന്റെ എൻജിൻ ഉയർത്തിയ കഠിനമായ ശബ്ദതരംഗങ്ങളിൽ ലയിച്ചില്ലാതായി. ഈ അപകടത്തിനു മുന്പ് രക്തം പുരണ്ട മറ്റൊരു ചരിത്രവും ഈ ബസിനുണ്ട്.ഏതാനും മാസങ്ങളായതേയുള്ളു വഴിയരികിൽ നിന്ന ഒരു പിഞ്ചു പൈതലിനെ മരണത്തിലേക്ക് തട്ടിത്തെറിപ്പിച്ചിട്ട്! ബസിന്റെ വേഗം കൂടുകയാണ്… പ്രഭാതത്തിലെ ഇളംകാറ്റ് ബസിനുള്ളിലേക്ക് അടിച്ചുകയറുന്നു…. അഞ്ചു കീലോമീറ്റർ കഴിഞ്ഞു ബസ് കുന്പഴ’യിലേക്കുള്ള ഇറക്കത്തിൽ പ്രവേശിച്ചുകഴിഞ്ഞു…. കൗമാരമനസിൽ ഭയത്തിന്റെ ഞെട്ടൽ, ഒരു കൊള്ളിമീൻ പാഞ്ഞു.
രണ്ടു പെണ്കുട്ടികൾ ബസിന് കൈകാണിക്കുന്നു… മരുഭൂമിയിൽ മരുപ്പച്ച കണ്ടെത്തിയ പഥികനെപ്പോലെ ഞാൻ ആശ്വസിച്ചു. …ണിം ണിം…’ പെട്ടെന്നായിരുന്നു കണ്ടക്ടറുടെ ഡബിൾ ബെൽ. സിഗ്നൽ ലഭിച്ച ഡ്രൈവർ ബസിന്റെ വേഗം വീണ്ടും വർധിപ്പിച്ചു. ബസ് ഒരു വലിയ ഇറക്കത്തിലേക്ക് കുതിക്കുകയായിരുന്നു…. ഞാൻ ചെവി വട്ടംപിടിച്ചു, നിശബ്ദത! കൈകൾ കന്പിയിൽ മുറുകിപ്പിടിച്ചു.ബസിന്റെ നിയന്ത്രണം വിട്ടുകഴിഞ്ഞിരുന്നു! ഇരുവശവും പത്തിരുപതടി താഴ്ചയുള്ള ചെളി കെട്ടിക്കിടക്കുന്ന വയലുകളാണ്. ബസ് അതാ വലതുവശത്തേക്ക് ചെരിയുന്നു… ഇല്ല, വീണ്ടും ഇടതുവശത്തേക്ക്…. മനസിൽ ഇടിവെട്ടി.
.. ഈശ്വരനെ ഓർക്കാൻ പോലും സമയം കിട്ടിയില്ല, ഒടുവിൽ ഒരു വലിയ സ്ഫോടന ശബ്ദം! ബസ് ഇറക്കത്തിൽ താഴെ ഒരു തിട്ടയിൽ ഇടിച്ച് കുലുങ്ങി കുലുങ്ങിക്കൊണ്ടിരിക്കുന്നു. എൻജിൻ ഓഫായിട്ടില്ല… മനുഷ്യൻ മനുഷ്യനെ ചവിട്ടിമെതിക്കുന്നു…. സീറ്റുകൾ ഇളകി, പലരുടെയും ദേഹത്ത് കന്പികൾ തുളച്ചുകയറുന്നു.. രക്തതുള്ളികൾ ചീറ്റുന്നു.
എനിക്കു മീതെ ആരൊക്കെയോ വന്നു വീഴുന്നുണ്ടായിരുന്നു. ബോധം മറഞ്ഞു… ചുണ്ടിൽ നനവ് അനുഭവപ്പെട്ടപ്പോൾ കണ്ണുകൾ തുറന്നു…. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിലാണെന്നു മനസിലായി, വീണ്ടും ബോധം മറഞ്ഞു…!
ഓർമവന്നപ്പോൾ തറയിൽ അർധനഗ്നനായി കിടക്കുകയായിരുന്നു! ചുറ്റും ഡോക്ടർമാർ! പ്രിയ സഹോദരരേ, ഇതാ ഒരു വലിയ ബസപകടത്തിൽപ്പെട്ടവരെ നമ്മുടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അവരെ മരണത്തിൽനിന്നും രക്ഷിക്കുക, അവർക്കു രക്തം നൽകുവാൻ സന്മനസ്സുള്ളവർ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചേരുക’’ മൈക്രോഫോണിലൂടെ എങ്ങുനിന്നോ ഉയർന്ന ആ വാക്കുകൾ ചെവിയിലെത്തിയപ്പോഴാണ്, കേരളത്തിലെ ഏറ്റവും വലിയ ബസപകടത്തിൽനിന്നും ഞാൻ പരിക്കുകളോടെ രക്ഷപ്പെട്ടിരിക്കുന്നുവെന്ന സത്യം മനസിലായത്….
ഡോക്ടർ എന്റെ പേരും വിലാസവും എഴുതിയെടുത്ത് ജോർജ് മലയാലപ്പുഴ’ എന്ന് ഇടതുകൈയിലെ ബാൻഡേജിലൊട്ടിച്ചു. ശേഷം അങ്ങകലെ ഒരു കിടക്കയിൽ കിടത്തി. അന്ന് രാത്രി 12 ആയപ്പോൾ എന്റെ അമ്മ എന്നെ ജീവനോടെ കണ്ടെത്തിയപ്പോഴാണ് എന്റെ സഹോദരന്മാർ ജീവിച്ചിരിപ്പുണ്ടെന്നും ജ്യേഷ്ഠന് പരിക്ക് ഗുരുതരമാണെന്നും അറിഞ്ഞതും. ഞാൻ മരിച്ചുപോയെന്ന് വിചാരിച്ചവർ എന്റെ ഷർട്ടിനോട് സാദൃശ്യമുള്ള ഒരു ഷർട്ട് മോർച്ചറി’യിൽനിന്നും മാതാവിനെ എടുത്തു കാണിച്ചു.
ടിക്കറ്റ് റാക്ക് സ്വന്തം മാറിൽ കൊണ്ട് തറച്ച് മരണമടഞ്ഞ കണ്ടക്ടറുടെ സമീപത്തുനിന്നും ഞാൻ രക്ഷപ്പെട്ടത് ഇന്നും എന്നിൽ ഞെട്ടലുളവാക്കുന്നു.ആ ബസപകടത്തിലൂടെ എനിക്ക് നഷ്ടമായ കലാലയ സുഹൃത്തുക്കളെ ഞാൻ മറന്നിട്ടില്ല, അജയ് ഗോകുൽദാസ്, സുനിൽ, കുരുവിള, ഗീതാമണി…. പട്ടിക നീളുകയാണ്. പ്രണാമം പ്രിയരേ പ്രണാമം….