144 വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഉത്സവമാണ് മഹാകുംഭമേള. ജനുവരി 13 ന് ആരംഭിച്ച ഉത്സവം ഫെബ്രുവരി 28ന് അവസാനിക്കും. പുണ്യ സ്നാനം ചെയ്യുന്നതിനായി നിരവധി ആളുകളാണ് ദിവസേന എത്തുന്നത്.
എന്നാൽ നേരിട്ട് സ്നാനം നടത്താൻ സാധിക്കാത്തവർക്ക് പുതിയൊരു ഓഫറുമായി വന്നിരിക്കുകയാണ് ഒരു യുവാവ്. അവർക്കായി’ഡിജിറ്റൽ സ്നാൻ’ (ഹോളി ഡിപ്പ്) സേവനം പ്രദാനം ചെയ്യുകയാണ് ഇയാൾ.
ഓൺലൈനായി പണവും ചിത്രവും അയച്ചു കൊടുത്താൽ ആ ചിത്രവുമായി ത്രിവേണി സംഗമത്തിൽ ഇദ്ദേഹം മുങ്ങിക്കുളിക്കും. ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപയാണ് നിരക്ക്.
ഡിജിറ്റൽ സ്നാൻ നടത്തേണ്ടവരുടെ ചിത്രം ഇദ്ദേഹത്തിന്റെ വാട്സാപ്പിലേക്കും പണം ഓൺലൈൻ പെയ്മെൻറ് ആയും നൽകണം. വാട്സപ്പിൽ എടുക്കുന്ന ചിത്രങ്ങളുടെ കോപ്പി പ്രിൻറ് എടുത്താണ് ഇദ്ദേഹം ഈ ചടങ്ങ് നടത്തുന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. നിരവധി ആളുകളാണ് ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. പണം തട്ടാനുള്ള ഇയാളുടെ ടെക്നിക്ക് എന്ന് ചിലർ പറയുന്പോൾ മറ്റു ചിലരാകട്ടെ ഇയാളുടെ നല്ല മനസിനെ പുകഴ്ത്തുന്നുമുണ്ട്.