ലക്നൗ: ആറാഴ്ച നീണ്ടുനിന്ന മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം. ഇന്നത്തെ ശിവരാത്രി ദിനത്തിൽ പ്രധാന സ്നാനത്തിനായി വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. ഇതുവരെ 64 കോടിയിലധികം ഭക്തർ മഹാകുംഭമേളയ്ക്കെത്തിച്ചേര്ന്നതായാണു കണക്ക്.
മഹാശിവരാത്രി കൂടി കഴിയുന്നതോടെ ഈ കണക്ക് 66 കോടി കവിയുമെന്നാണ് നിഗമനം. കഴിഞ്ഞ 10 ദിവസമായി 1.25 കോടിയിലധികം ഭക്തർ ദിവസവും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്.
ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേളയിൽ ഏകദേശം 40 കോടി സന്ദർശകർ പങ്കെടുക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഭക്തജനപ്രവാഹത്തിൽ കണക്കുകളെല്ലാം തെറ്റി. ഇന്ന് നടക്കുന്ന അന്തിമ അമൃത് സ്നാനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകർക്കായി പ്രയാഗ്രാജിൽ നിന്ന് 350 ലധികം അധിക ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ ഐതിഹ്യം. കുഭമേള സമയത്ത് പണ്യനദികളിലെ വെള്ളം അമൃതാകുമെന്നും ആ സമയത്ത് സ്നാനം ചെയ്യുന്നവര്ക്ക് അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്.