മഹാകുംഭമേളയുടെ രണ്ടാം ദിനമായ ഇന്നു മകരസംക്രാന്തി ദിനത്തിലെ പവിത്ര സ്നാനം നടക്കും. 45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. മൂന്നു കോടി പേർ ഇന്നു സ്നാനത്തിനായി പ്രയാഗ് രാജിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നരക്കോടി ജനങ്ങൾ ത്രിവേണീ സംഗമത്തിലെ സ്നാനത്തിൽ പങ്കെടുത്തെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേള ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമാണ്. പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്നാനത്തോടെ ഇന്നലെ പുലർച്ചെ തുടക്കമായി. ചടങ്ങുകളോടനുബന്ധിച്ച് കർശന സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രയാഗ് രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
ആയിരക്കണക്കിന് എഐ കാമറകളും വെളളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കാലാതീതമായ സാംസ്കാരിക പൈതൃകത്തിന്റെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.