മഹാകുംഭമേളയിൽ വനിതാ തീർഥാടകർ കുളിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വിൽക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരേയാണ് കേസ്.
കൂടുതൽ അക്കൗണ്ടുകൾ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി മെറ്റയുടെ സഹായം തേടിയിട്ടുണ്ട്.
വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. മതസമ്മേളനവുമായി ബന്ധപ്പെട്ടു തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കെതിരേ ഉത്തർപ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിർദേശപ്രകാരമാണു നടപടി.