കുംഭമേള ആഘോഷങ്ങൾ നടക്കുന്നതിനാൽ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ആഴ്ചകളായി വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർ മാത്രമല്ല, നാട്ടുകാരും അഴിയാക്കുരുക്കിൽ അകപ്പെടുന്നു. കഴിഞ്ഞദിവസം, ഗതാഗതക്കുരുക്കിൽപ്പെട്ട് വിവാഹം മുടങ്ങിയ സംഭവംവരെ ഉണ്ടായി.
വധൂവരന്മാരുമായി വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്കു പുറപ്പെട്ട ഇരുപതു വാഹനങ്ങളിൽ രണ്ടെണ്ണത്തിനു മാത്രമാണു വിവാഹമണ്ഡപത്തിൽ യഥാസമയം എത്താനായത്. വധൂവരന്മാരും കുടുംബാംഗങ്ങളും ബന്ധുക്കളും സഞ്ചരിച്ച വാഹനങ്ങളടക്കം മറ്റു 18 എണ്ണവും ട്രാഫിക്കിൽ കുടുങ്ങി. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുരുക്കഴിഞ്ഞില്ല. അതിനിടയിൽ മുഹൂർത്തസമയം കടന്നുപോകുകയുംചെയ്തു.
ഒടുവിൽ വരന്റെയും വധുവിന്റെയും വീട്ടുകാർ കൂടിയാലോചിച്ച് വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. രാത്രി ഏറെ വൈകിയാണു വിവാഹസംഘത്തിനു സ്വന്തം വീടുകളിൽ തിരിച്ചെത്താൻ സാധിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രാജേഷ് സാഹി എന്ന മാധ്യമപ്രവർത്തകൻ വിവാഹസംഘം ഗതാഗതക്കുരുക്കിൽ അകപ്പെട്ട വീഡിയോ പങ്കുവച്ചു.