ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാകുംഭമേളയ്ക്കായി 12 കിലോമീറ്റർ ദൂരത്തിൽ സ്നാന ഘാട്ടുകൾ ഒരുങ്ങി. സംഗമതീരമായ ഗംഗയുടെയും യമുനയുടെയും തീരത്ത് ഏഴ് കോൺക്രീറ്റ് ഘട്ടങ്ങൾ നിർമിച്ചിട്ടുണ്ട്. കുളിക്കുന്നവരുടെയും ഭക്തരുടെയും സൗകര്യത്തിനായാണ് ഈ ഘാട്ടുകൾ ഒരുക്കിയിരിക്കുന്നത്.
സംഗമത്തിൽ വാച്ച് ടവർ നിർമിക്കുകയും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. ബോട്ടുകളിൽ സുരക്ഷിതമായ യാത്രയ്ക്ക് ലൈസൻസ് നമ്പർ നൽകുകയും സീറ്റ് കപ്പാസിറ്റി പ്രദർശിപ്പിക്കുകയും ചെയ്യും.
12 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള ആഘോഷിക്കുന്നത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്തു പാപമോചനവും മോക്ഷവും തേടിയാണു പുണ്യസ്നാനം. ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രയാഗ്രാജ് സന്ദർശിക്കും.