മറയൂർ: മറയൂർ-കാന്തല്ലൂർ മേഖലകളിൽ കുറേ ദിവസങ്ങളായി പ്രശനങ്ങൾ സൃഷ്ടിക്കുന്ന അക്രമകാരികളായ കാട്ടാനകളെ തുരത്താൻ കുങ്കി ആനകളെ മറയൂരിൽ എത്തിച്ചു. ആനമല ടൈഗർ റിസർവിലെ ടോപ് സ്ലിപ് ആന ക്യാന്പിൽനിന്നുള്ള വെങ്കിടേഷ്, കലിം എന്ന രണ്ട് കുങ്കി ആനകളെയാണ് മറയൂരിൽ എത്തിച്ചിരിക്കുന്നത്. ഇവരോടൊപ്പം ടോപ് സ്ലിപ് ആനക്യാന്പിലെ വെറ്ററിനറി ഡോക്ടർ മനോഹരൻ, രണ്ട് ആന പാപ്പാന്മാർ എന്നിവരടങ്ങുന്ന സംഘവും എത്തിയിട്ടുണ്ട്. ഇവരെ കൂടാതെ കേരള വനംവകുപ്പ് വെറ്ററിനറി ഡോ. അബ്ദുൾ സത്താർ, ഡോ. ജയകുമാർ എന്നിവരും മറയൂരിൽ എത്തിയിട്ടുണ്ട്.
പ്രത്യേക പരിശീലനം ലഭിച്ച ആനകളാണ് കുങ്കികൾ. കുങ്കി തമിഴ് പദമാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ ആനകളെ കൊണ്ടുപോകൂന്നതിനായി പ്രത്യേകം തയാറാക്കിയിട്ടുള്ള ലോറിയിലാണ് ടോപ് സ്ലിപിൽ നിന്നും ഇവയെ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് എത്തിച്ചത്. കാരയൂർ, വെട്ടുകാട്, കീഴാന്തൂർ, കുണ്ടക്കാട്, പെരടിപള്ളം എന്നീ ഭാഗങ്ങളിൽ കറങ്ങി നടന്ന് കൃഷി നാശം വരുത്തിയും കഴിഞ്ഞദിവസം കുണ്ടക്കാട് ഭാഗത്ത് വാഴപ്പള്ളിൽ ഭാനുവിന്റെ വീട്ട് മുറ്റത്ത് നിന്ന അന്ധയായ മകൾ ബേബിയെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ജനരോഷം രൂക്ഷമാവുകയും ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സമരപരിപാടികൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കുങ്കി ആനകളെ മറയൂരിൽ എത്തിച്ചത്. കഴിഞ്ഞദിവസം പ്രദേശത്തെ ജനങ്ങളും ഗ്രാമവാസികളുംചേർന്ന് പന്ത്രണ്ടോളം കാട്ടാനകളെ വനത്തിലേക്ക് തിരികെ ഓടിച്ചുവിട്ടിരുന്നു.
എന്നാലും അക്രമകാരികളായിട്ടുള്ള ആനകൾ ഇനിയും പ്രദേശത്ത് ചുറ്റിതിരിയുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിലുള്ള ആനകളെ കണ്ടുപിടിച്ച് കുങ്കി ആനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് കയറ്റി വിടാനാണ് വനം വകുപ്പിന്റെ പദ്ധതിയെന്ന് മറയൂർ ഡിഎഫ്ഒ അഫസൽ അഹമ്മദ് അറിയിച്ചു. ജനങ്ങൾക്ക് ഭീഷണിയായിട്ടുള്ള അക്രമകാരികളായ ആനകളെ തുരത്തി ഉൾവനത്തിലേക്ക് എത്തിക്കുന്നതുവരെ കുങ്കി ആനകളെ ഇവിടെ നിർത്തുവാനാണ് വനംവകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.