കുമളി: അഭിജിത്തും സഹോദരി ലക്ഷ്മിപ്രിയയും പതിവില്ലാത്തവിധം സന്തോഷത്തിലായിരുന്നു. രാവിലെ അമ്മ എസക്കി ഇരുവർക്കും ഭക്ഷണം നൽകിയപ്പോൾ ഉത്സാഹത്തോടെ കൂടുതൽ ഭക്ഷണം അമ്മയോടു ചോദിച്ചുവാങ്ങി കഴിച്ചു.
“നിനക്കൊക്കെ ഇന്ന് എന്നാപറ്റി’’യെന്ന് ആ അമ്മ കുട്ടികളോടു ചോദിക്കുകയും ചെയ്തു. “ഇനിയും കുറച്ചുകൂടി’’യെന്നുപറഞ്ഞ് ഇരുവരും അമ്മയോട് കൂടുതൽ ഭക്ഷണം വാങ്ങി കഴിച്ചു.
തന്റെ പൊന്നോമനകൾ വയറുനിറയെ ഭക്ഷണം കഴിക്കുന്നതുകണ്ട് സന്തോഷത്തോടെയാണ് എസക്കി ജോലിക്കു പോയത്. എസ്റ്റേറ്റിലെ ജോലിക്കിടയിലും എസക്കി അങ്കണവാടിയിലും ജോലിക്കു പോയിരുന്നു.
ഭർത്താവ് അനീഷുമായി പിണങ്ങി എസക്കി മക്കളുമൊത്ത് എസ്റ്റേറ്റ് ലയത്തിലായിരുന്നു താമസം. ലയത്തിന് അധികം ദൂരെയല്ലാതാണ് എസക്കിയുടെ വീട്. ഇവിടെ എസക്കിയുടെ മാതാപിതാക്കളായ രാജനും സരസ്വതിയുമാണ് താമസം. എസക്കിക്കും മക്കൾക്കും രാജനും സരസ്വതിയുമായിരുന്നു ഏക ആശ്രയം.
പ്രഭാതഭക്ഷണത്തിനുശേഷം പതിവുപോലെ കളിക്കാൻപോയ കുട്ടികളെ ഉച്ചയൂണിനു കാണാതായതോടെ എസക്കി കുടുംബവീട്ടിലെത്തിയപ്പോൾ കുട്ടികൾ രണ്ടുപേരും വല്യപ്പന്റെയും വല്യമ്മയുടെയും അടുത്തുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അമ്മയും വല്യപ്പനും വല്യമ്മയും ഒത്തുള്ള അവസാനത്തെ ഭക്ഷണമായിരുന്നു കുട്ടികളുടേത്.
ഉച്ചയൂണിനുശേഷം കുട്ടികളോട് വല്യപ്പന്റെയും വല്യമ്മയുടെയും അടുത്തുതന്നെ കാണണമെന്നു പറഞ്ഞിട്ടാണ് എസക്കി തിരികെ ജോലിക്കുപോയത്.മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു.