പാലക്കാട്: ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനയെ എത്തിച്ചു. വയനാട്ടിൽനിന്നാണ് കുങ്കിയാനയെ എത്തിച്ചത്.
ഒന്പതോടെ കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. ആനയെ ഏതുവഴിയാണ് കാട്ടിലെത്തിക്കുക, എത്രദൂരം ഉൾക്കാട്ടിലേക്ക് കയറ്റണം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ പദ്ധതി തയാറാക്കിയശേഷം ഉച്ചയോടെ ദൗത്യം ആരംഭിക്കാനാണ് വനം വകുപ്പ് തീരുമാനം.
ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ അറുപതുകാരനെ കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.
നടക്കാനിറങ്ങിയ ശിവരാമൻ, ആനയുടെ ചിന്നംവിളി കേട്ട് സമീപത്തെ വയലിലേക്ക് ഓടിമാറിയെങ്കിലും ആന പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പാലക്കാട് ഡിഎഫ്ഒ ഓഫീസും ഉപരോധിച്ചിരുന്നു.