നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച എട്ട് കിലോ കുങ്കുമപൂവ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോകുവാന്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് ഇന്ന് രാവിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കുങ്കുമപൂവ് പിടികൂടിയത്.
ചെക്കിംഗ് ബാഗില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിക്കുകയായിരുന്നു. ലോകത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമ പൂവാണ് കാശ്മീരി കുങ്കുമ പൂവ്. ഇന്ത്യയില്‍ ഇതിന് കിലോഗ്രാമിന് 2.50 ലക്ഷം രൂപയാണ് ഉള്ളതെങ്കിലും ഗള്‍ഫില്‍ ഇതിന് ഏകദേശം കിലോഗ്രാമിന് 50 ലക്ഷം രൂപയെങ്കിലും ലഭിക്കും .
ചില സമയങ്ങളില്‍ ഇതിലധികവും ലഭിക്കും. കുങ്കുമ പൂവ് കടത്തുവാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരന് പേയി വരുന്നതിനുള്ള വിമാന ടിക്കറ്റും ഇരുപതിനായിരം രൂപയുമാണ് പ്രതിഫലം നല്‍കാമെന്നാണ് വാഗ്ദാനം നല്‍കിയിരുന്നത്.
കുങ്കുമ പൂവ് എത്തിച്ച് കൊടുത്ത ആളെ കുറിച്ചും ദുബായില്‍ വാങ്ങുവാന്‍ എത്തുമെന്ന് പറഞ്ഞവരെ കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാസര്‍കോഡ് സ്വദേശിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.