കണ്ണൂർ: ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു സിപിഎം പ്രവർത്തകർ പാപ്പിനിശേരിയിൽ ഘോഷയാത്ര നടത്തിയെന്ന കാണിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യം വിവാദത്തിലേക്ക്. രാത്രിയിലുള്ള ദൃശ്യങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. സിപിഎം പ്രവർത്തകർ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കുമ്മനത്തിന്റെ പോസ്റ്റ്.
എന്നാൽ, ഈ വീഡിയോ ശുദ്ധ അസംബന്ധമെന്നാണു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ പ്രതികരിച്ചത്. വാഹനങ്ങൾ കടന്നു പോവുന്നതു വീഡിയോയിൽ കാണാം. ധാരാളം ജനങ്ങൾ പങ്കെടുത്തതുമായുള്ള ഘോഷയായാണിത്. ഇതിൽ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യവും വിളിക്കുന്നതായി കാണുന്നില്ല.
ഇത്തരമൊരു പ്രചാരണം നടത്തിയ കുമ്മനം ഇത് എവിടെ നടന്നതാണെന്നതു കൂടി വ്യക്തമാക്കണം. അദ്ദേഹത്തിന് അതിനുള്ള ബാധ്യതയുണ്ട്. ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനു പറ്റിയതല്ലെന്നുമായിരുന്നു പി. ജയരാജന്റെ മറുപടി. ഇങ്ങനെ ഒരു ഘോഷയാത്ര നടന്നിട്ടില്ലെന്നു പോലീസും പറയുന്നു.