കൊച്ചി: രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷൻ പ്രധാനമന്ത്രിയോടൊപ്പം യാത്രചെയ്തതു വിവാദമാണോയെന്ന് കുമ്മനം രാജശേഖരൻ. മെട്രോയിൽ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനുവാദമില്ലാതെ പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യാൻ പറ്റുമോ? എതിർപ്പുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്കു പറയാമായിരുന്നല്ലോയെന്നും കുമ്മനം ചോദിച്ചു. താൻ പോയത് അറിയിപ്പ് ലഭിച്ചിട്ടാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
താൻ പോയത് തന്റെ പേര് അവിടെ ഉള്ളതു കൊണ്ടാണ്. ഇതേക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് എസ്പിജിയോ കേരള പോലീസോ തടയാതിരുന്നത്. എനിക്കാവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും അവർ ചെയ്തുതരികയാണു ചെയ്തതെന്നും കുമ്മനം പറഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു തൊട്ടുപിന്നാലെ താനും ഉണ്ടായിരുന്നു. ഇതിനൊക്കെ ആരാണ് സൗകര്യങ്ങൾ ചെയ്തുതന്നത്? ഇതൊന്നും അറിയാതെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പച്ചക്കള്ളം പറയുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.