കോഴിക്കോട്: ഇടതു-വലതു മുന്നണികളെ മടുത്തെന്നും എന്‍ഡിഎയുടെ ഭരണമാണ് ജനം ആഗ്രഹിക്കുന്നതെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
കോഴിക്കോട് കോര്പ്പറേഷന് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സ്ഥാനാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി കോഴിക്കോട് കോര്പ്പറേഷന് ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കോര്‍പ്പറേഷനില്‍ നടപ്പാക്കിയ വികസന പ്രവൃത്തികളെകുറിച്ച് പൊതുസംവാദം നടത്താന്‍ സിപിഎം തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഇടതു – വലതു മുന്നണികളുടെ മാറി മാറിയുള്ള ഭരണം കേരളത്തെ കടക്കെണിയിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഉപകരിക്കേണ്ട, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണം ഭരണക്കാര്‍ കട്ടുമുടിക്കുകയാണ്.
അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കേരളം. പാവങ്ങള്‍ക്ക് വീടു വെക്കേണ്ട പദ്ധതിയില്‍ നിന്ന് പോലും പണം കയ്യിട്ടുവാരുകയാണ്.
കേരളം നിക്ഷേപ സൗഹൃദമല്ലെന്നും ഇതരസംസ്ഥാനങ്ങളിലേക്ക് മലയാളികള്‍ കുടിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് അദ്ധ്യക്ഷനായി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, ബിഡിജെഎസ് ജില്ലാ ട്രഷറര്‍ സതീഷ് കുറ്റിയില്‍, കാമരാജ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത്, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍ എന്നിവര്‍ പ്രസംഗിച്ചു.