ചെങ്ങന്നൂർ: കാലം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള ശേഷി ഇല്ലാത്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. അതുകൊണ്ടാണ് പ്രതിയോഗികളെ അതിദാരുണമായി കൊല ചെയ്യുന്നത്. മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്രം ചോരക്കളിയുടേതാണ്.
യുവമോർച്ച ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റ് പാർട്ടി നൂറ് വർഷം തികയുന്പോൾ ഭാരതത്തിൽ തകർന്നടിഞ്ഞ പ്രത്യയ ശാസ്ത്രമായി മാറിയെന്നും, അക്രമങ്ങളുടേയും, കൊലപാതകങ്ങളുടേയും പാത പിന്തുടർന്നതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനത്തിന് യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കോടിയാട്ടുകര അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ അനുസ്മരണ പ്രഭാഷണം നടത്തി.
യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് ഗ്രാമം, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടി ബി. അജുബ്, കെ.ജി. കർത്ത, ജി. ജയദേവൻ, ശ്യാമളാ കൃഷ്ണകുമാർ, സതീഷ് ചെറുവല്ലൂർ, സജു കുരുവിള, രമേശ് പേരിശേരി, ശ്രീജിത്ത് വൈശത്ത്, ശ്രീനാഥ്, രോഹിത്ത്, സൂരജ് വെണ്മണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുഷ്പാർച്ചന നടന്നു.