തിരുവനന്തപുരം: കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തി. ഇന്നു രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം പുറപ്പെട്ടത്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയതെന്നാണ് കുമ്മനത്തിന്റെ പ്രതികരണം. കുമ്മനത്തെ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു.
കുമ്മനം ഡൽഹിയിൽ എത്തിയതോടെ കേരളത്തിന്റെ പ്രതിനിധിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്. മിസോറാം ഗവർണറായിരുന്ന കുമ്മനത്തെ ആ സ്ഥാനം രാജിവയ്പ്പിച്ചാണ് തിരുവനന്തപുരം പാർലമണ്ഡലത്തിലേയ്ക്ക് മത്സരിപ്പിച്ചത്. മത്സരിച്ചെങ്കിലും കുമ്മനത്തിന് രണ്ടാം സ്ഥാനത്ത് മാത്രമെ എത്താൻ കഴിഞ്ഞുള്ളു. കേരളത്തിൽ നിന്ന് ആരും വിജയിക്കാത്ത പശ്ചാത്തലത്തിൽ ദേശീയ നേതൃത്വം മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ കൃത്യമായ സൂചനകൾ പുറത്തു വിടുന്നില്ല.
കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന അൽഫോൺസ് കണ്ണന്താനം ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്ന സൂചനയും പുറത്തവരുന്നുണ്ട്. കുമ്മനത്തിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് നേതൃത്വം രംഗത്തുണ്ട്. നിലവിൽ കേരളത്തിൽ നിന്നുള്ള മൂന്നുപേരാണ് രാജ്യസഭാ അംഗങ്ങളായുള്ളത്. വി മുരളീധരൻ,അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവർ. ഇതിൽ വി മുരളീധരനെ മന്ത്രിയാക്കണമെന്ന ആവശ്യവും കേന്ദ്ര ബിജെപി നേതൃത്വത്തിനു മുന്നിലുണ്ട്.
കേരളത്തിൽ നിന്ന് ആരെങ്കിലും മന്ത്രിസഭയിലുണ്ടാകുമെന്ന് അറിയാൻ ഇനിയും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരും. ബി.ജെ.പി ഇതുവരെ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിമാരെല്ലാം പട്ടികയിലുണ്ടാകുമെന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്. കുമ്മനവും കണ്ണന്താനവും മന്ത്രിസഭയിലെത്തിയാൽ കോട്ടയം ജില്ലയിൽ നിന്ന് രണ്ടുപേർ ബിജെപി മന്ത്രിസഭയിൽ അംഗമാകും.