കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ മനസുതുറക്കാതെ കുമ്മനം രാജശേഖരന്. ഇന്നലെ എന്റെ കുടുംബം ബിജെപി കുടുംബം പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ കോഴിക്കോടുണ്ടായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അനൗപചാരിക ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. അതേസമയം എല്ലാം കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ എന്നനിലപാടാണ് കുമ്മനം നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത അദ്ദേഹം തള്ളിയതുമില്ല.
മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ചശേഷം മത്സരിച്ചാല്‍ തന്നെ അതിനുശേഷം എന്ത് എന്ന ചോദ്യവും അദ്ദേഹത്തോടടുപ്പമുള്ളവര്‍ ഉയര്‍ത്തുന്നു.ഗവര്‍ണര്‍ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല. സംഘടന പറഞ്ഞു അനുസരിക്കുന്നു. തന്നെ സംഘടന ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കും. പഴയ പോലെ സംഘടനാപ്രവര്‍ത്തനം നടത്താന്‍ താത്പര്യമുണ്ട്. പക്ഷേ തീരുമാനം എടുക്കേണ്ടത് സംഘടനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുമ്മനത്തെ മിസോറാമില്‍ നിന്ന് കേരളത്തിന്റെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് കടുത്ത നിലപാടെടുത്തിരിക്കുകയാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം.നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആര്‍എസ്എസാണ് നിര്‍ണായക സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്നത്. ഗവര്‍ണറായ ഒരാളെ രാഷ്ട്രീയത്തിലേക്ക് തിരികെകൊണ്ടു വരുന്നതിലെ അനൗചിത്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അലോസരപ്പെടുത്തു.
തെരഞ്ഞെടുപ്പില്‍ കുമ്മനം പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന് കേരളത്തില്‍ എന്ത് പദവി നല്‍കുമെന്ന ചോദ്യവും ഉയരുന്നു. എന്തായാലും കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായാല്‍ വിജയസാധ്യതവര്ധിക്കുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്.