തിരുവനന്തപുരം: ആലപ്പുഴയിൽ ഇന്ന് ചേരാനിരുന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് പനി ബാധിച്ചതാണ് യോഗം മാറ്റാൻ കാരണമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന വിശദീകരണം.സംസ്ഥാന കമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. ഇന്ന് കോർ കമ്മിറ്റിയും നാളെ സംസ്ഥാന കമ്മിറ്റിയും ആലപ്പുഴയിൽ ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദം പാർട്ടിയെ പിടിച്ചുകുലുക്കിയതിനെത്തുടർന്ന് ഇന്ന് നടക്കാനി രുന്ന കോർ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്രം കർശന നടപടികൾ സ്വീകരിച്ചേക്കും.
കടുത്ത നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.എസ് സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. അതേസമയം സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം നൽകിയ പരാതിയിൽ മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. വിജിലൻസ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല.