തെരഞ്ഞെടുപ്പിന് പിന്നാലെ മാതൃകാ പ്രവര്‍ത്തിയുമായി കുമ്മനം രാജശേഖരന്‍! ആശയം ഇഷ്ടപ്പെട്ടതോടെ കയ്യടിയും പ്രോത്സാഹനവുമായി സോഷ്യല്‍മീഡിയ

പരിസ്ഥിതി സൗഹൃദ സംസ്‌കാരത്തിനു മാതൃകയാവുകയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലഭിച്ച ഷാളുകളും തോര്‍ത്തും പൊന്നാടയും ഉള്‍പ്പെടെ ഒരു ലക്ഷത്തില്‍പ്പരം തുണിത്തരങ്ങള്‍ മൂല്യവര്‍ദ്ധിത വസ്തുക്കളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് താനെന്നാണ് കുമ്മനം അറിയിച്ചിരിക്കുന്നത്.

ആദരപൂര്‍വ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത ഷാളുകള്‍ ഉപയോഗിച്ച് സഞ്ചികള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. ഇതിനായി സ്വയംസഹായ സംഘങ്ങളെയും ബി.എം.എസിന്റെ തയ്യല്‍ തൊഴിലാളികളെയും ചുമതലപ്പെടുത്തി.

തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണാര്‍ഥം വഴിയോരങ്ങളില്‍ വെച്ചിരുന്ന ബോര്‍ഡുകള്‍ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശമെന്ന് കുമ്മനം രാജശേഖരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഈ നന്മ പ്രവര്‍ത്തിയെ രാഷ്ട്രീയം മറന്ന് അഭിനന്ദിക്കുകയാണ് ജനങ്ങള്‍.

Related posts